സങ്കടങ്ങള്‍ മുഖ്യമന്ത്രിക്കെഴുതി; ആയിഷ സജയ്ക്കും സൈക്കിള്‍ കിട്ടി
പേരാമ്പ്ര: കൂട്ടുകാര്‍ക്കെല്ലാം സൈക്കിളുണ്ട്, തനിക്ക് മാത്രം ഇല്ലെന്ന വിഷമം മുഖ്യമന്ത്രിക്ക് എഴുതിയ അഞ്ചാം ക്ലാസുകാരി ആയിഷ സജയ്ക്കും സൈക്കിള്‍ കിട്ടി. നിര്‍ധന കുടുംബത്തില്‍ പെട്ട ആയിഷ സജ തന്റെ സങ്കടങ്ങള്‍ മുഖ്യമന്ത്രിയെ എഴുതി അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കുഞ്ഞു പരാതി ഗൗരവപൂര്‍വ്വം എടുത്തു നടപടിയും സ്വീകരിച്ചു.
ചക്കിട്ടപ്പാറയിലെ കുഞ്ഞിപ്പറമ്പില്‍ നാസറിന്റെയും സൗദയുടെയും മൂന്ന് പെണ്‍മക്കളില്‍ ഇളയവളായ ആയിഷ സജക്കാണ് മുഖ്യമന്ത്രിയുടെ കാരുണ്യ സ്പര്‍ശം ലഭിച്ചത്. ഒക്ടോബറിലാണ് ആയിഷ മുഖ്യമന്ത്രിക്ക് കത്തയച്ചത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് സാമൂഹിക നീതി വകുപ്പിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഫൈന്‍ ഗോള്‍ഡിന്റെ സഹകരണത്തോടെ സൈക്കിള്‍ ലഭ്യമാക്കുകയായിരുന്നു.
സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബത്തിലെ അംഗമായ ആയിഷ തന്റെ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി കഴിയുന്നതിനിടയിലാണ് ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയ എന്റെ ഗ്രാമം എന്ന വികസന രേഖ കൈയ്യില്‍ കിട്ടുന്നത്. അതില്‍ പട്ടിക ജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക് ഗ്രാമപഞ്ചായത്ത് സൈക്കിള്‍ നല്‍കുന്നതിന്റെ വാര്‍ത്തയും പടവും കാണാനിടയായി. പേജുകള്‍ മറിക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോയും കണ്ടു, അപ്പോള്‍ തോന്നിയ ആശയമാണ് മുഖ്യമന്ത്രിക്ക് കത്തയക്കുക എന്നതെന്ന് ആയിഷ പറഞ്ഞു. സന്തോഷമായെന്നും മുഖ്യമന്ത്രിയോട് ഒരുപാട് നന്ദിയുണ്ടെന്നും ആയിഷ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു സൈക്കിള്‍ ആയിഷ സജക്ക് കൈമാറി. ഫൈന്‍ ഗോള്‍ഡ് മാനേജര്‍ ഇ.ടി.സുനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ, ശശി കുമാര്‍ പേരാമ്പ്ര, പി.ടി.അഷ്‌റഫ്, എം.കുഞ്ഞമ്മദ്, റഷീദ് മുതുകാട് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക