സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപമെടുക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് യാസ് എന്ന് പേരിടും. മേയ് 31 ന് കാലവര്‍ഷം കേരളത്തിലെത്തും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഇപ്പോഴത്തെ പ്രവചനം. അതേസമയം, ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെയും ദിയുവിലെയും മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കും. ഉന, ദിയു, ജാഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങളില്‍ അദ്ദേഹം ആകാശ നിരീക്ഷണം നടത്തും. അഹമ്മദാബാദില്‍ നടക്കുന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ഗുജറാത്തില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മരണം 13 ആയി. മഹാരാഷ്ട്രയില്‍ ആറു പേര്‍ മരിച്ചു. ഇരു സംസ്ഥാനങ്ങളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന പഞ്ചാബ് രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.