സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് കോഴിക്കോട് ജില്ലയില്‍; ലഭിച്ചത് 191 ശതമാനം അധിക മഴ


കോഴിക്കോട്: ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് കോഴിക്കോട് ജില്ലയില്‍. 191 ശതമാനം അധിക മഴയാണ് ഒക്ടോബര്‍ മാസം ഒന്നുമുതല്‍ ഇതുവരെ ജില്ലയില്‍ കിട്ടിയത്. കഴിഞ്ഞവര്‍ഷം ഇതേസമയം 14 ശതമാനമായിരുന്നു അധിക മഴ.

ഒക്ടോബര്‍ 12നാണ് ജില്ലയില്‍ ഏറ്റവുമധികം മഴ ലഭിച്ചത്. 216 മില്ലിമീറ്ററാണ് അന്ന് രേഖപ്പെടുത്തിയ മഴ. ഒക്ടോബര്‍ മൂന്നിന് പെയ്ത മഴയാണ് തൊട്ടുപിന്നില്‍. 118.8 മില്ലിമീറ്റര്‍.

ജില്ലയില്‍ കൊയിലാണ്ടി, വടകര, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് മഴമാപിനികളുള്ളത്. കോഴിക്കോട് ബീച്ചിലെ കണക്കനുസരിച്ച് 567.8 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ 21 ദിവസങ്ങളില്‍ പെയ്തത്. ഇതില്‍ 334.8 മില്ലിമീറ്ററും പെയ്തത് ഒക്ടോബര്‍ മൂന്നിനും പന്ത്രണ്ടിനുമാണ്.

ഈമാസത്തിന്റെ തുടക്കത്തില്‍ മഴ തീരെ കുറവായിരുന്നു. ആദ്യദിവസം .6 മില്ലിമീറ്റര്‍ മാത്രമായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ രണ്ടാംദിവസം മുതല്‍ മഴ കനത്തു. 70.0 മില്ലിമീറ്റര്‍ മഴ അന്നുകിട്ടി.

1961 മുതല്‍ 2010 വരെ പെയ്ത ആകെ മഴയുടെ ശരാശരി കണക്കാക്കിയാണ് ലഭിക്കേണ്ട മഴയുടെ അളവ് നിശ്ചയിക്കുന്നത്.