സംസ്ഥാനത്ത് ഇന്നും കനത്ത മഴ: കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, എറണാകുളം, കണ്ണൂര്‍, തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയിലെ കോളജുകള്‍ക്ക് അവധി ബാധകമല്ല.

മഴ തുടരുന്ന സാഹചര്യത്തില്‍ എം.ജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തിയ്യതി സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.