ശ്രദ്ധിക്കുക, ഓണ്‍ലൈന്‍ തൊഴില്‍ത്തട്ടിപ്പ് വ്യാപകമാവുന്നു; പയ്യോളി സ്വദേശിയുള്‍പ്പെടെ നിരവധി പേര്‍ക്ക് പണം നഷ്ടമായി


വടകര: കോവിഡ് കാലത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴില്‍ പ്രതിസന്ധി മുതലെടുത്ത് വിദേശത്ത് തൊഴില്‍ വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുന്നു. തൊഴില്‍വാഗ്ദാനംനല്‍കി വലിയതുക തട്ടിപ്പ് നടത്തുന്നതിനുപകരം നിശ്ചിതപണം കൂടുതല്‍ ആളുകളില്‍നിന്ന് തട്ടിപ്പുനടത്തുന്ന രീതിയാണിവര്‍ പയറ്റുന്നത്. ഷാര്‍ജയില്‍ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയതായി കാണിച്ച് പയ്യോളി സ്വദേശി ടി.കെ. സഹീര്‍ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി.

വടകര -കണ്ണൂര്‍ റൂട്ടില്‍ ബസ് ഡ്രൈവറായിരുന്ന സഹീര്‍ കോവിഡ്കാലത്താണ് തൊഴില്‍ പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് വിദേശത്ത് തൊഴിലന്വേഷണം തുടങ്ങിയത്. മെഡിക്കല്‍ സര്‍ഫിക്കറ്റ് തയ്യാറാക്കുന്നതിനായി എന്നുപറഞ്ഞ് 5000 രൂപയാണ് സഹീറിനോട് ആവശ്യപ്പെട്ടത്. ഡ്രീം ജോബ് എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ജോലി വാഗ്ദാനംചെയ്ത സന്ദേശം ലഭിച്ചത്. കോട്ടയം സ്വദേശിയായ ജോബി ജോര്‍ജ് എന്നയാളാണ് പണംതട്ടിയത് എന്നാണ് പരാതിയിലുള്ളത്.

വയനാട് ചുണ്ടേല്‍ സ്വദേശിക്കും സമാനമായരീതിയില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഷാര്‍ജയില്‍ ബേക്കറിയില്‍ ഡ്രൈവറെ ആവശ്യമുണ്ട് എന്നാണ് ഇവര്‍ക്ക് ലഭിച്ച അറിയിപ്പ് . 20,000 രൂപയ്ക്ക് വിസയും ടിക്കറ്റും നല്‍കാമെന്നും 5000 രൂപ ആദ്യം നല്‍കണം എന്നുമാണ് ആവശ്യപ്പെട്ടത്. താമരശ്ശേരി പൂനൂര്‍ സ്വദേശിയാണ് വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍. തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നാണ് ഗ്രൂപ്പ് അഡ്മിന്‍ പറയുന്നത്.