വിദേശത്തുനിന്ന് ഒന്നരക്കിലോ സ്വര്‍ണവുമായെത്തിയ നാദാപുരം സ്വദേശി അപ്രത്യക്ഷനായി; യുവാവിനെ പിന്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘങ്ങള്‍


നാദാപുരം: വിദേശത്തുനിന്ന് ഒന്നരക്കിലോ സ്വര്‍ണവുമായി എത്തിയ നാദാപുരം സ്വദേശിയായ യുവാവിനെ കാണാനില്ല. ഇയാള്‍ക്കായി നാദാപുരം മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍. കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന യുവാവ് ഒരു കോടിയിലധികം രൂപ വിലവരുന്ന ഒന്നരക്കിലോ സ്വര്‍ണവുമായി കണ്ണൂരില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ കാത്തുനിന്ന സംഘത്തെ വെട്ടിച്ച് യുവാവ് കടന്നു കളഞ്ഞു.

ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ രണ്ടു വാഹനങ്ങളിലായി അജ്ഞാത സംഘം യുവാവിന്റെ വീട്ടിലെത്തി. വീടിനു സമീപത്തെ കടയിലും മറ്റും യുവാവിനെ കുറിച്ച് അന്വേഷിച്ച സംഘം ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതിനിടെ സ്വര്‍ണവുമായി നാട്ടിലെത്തിയ യുവാവിനൊപ്പം ഇയാളുടെ തലശേരിയിലുള്ള ഭാര്യയും ഒളിവില്‍ പോയതായി വിവരമുണ്ട്.

വിദേശത്തു നിന്ന് സ്വര്‍ണം ഏല്‍പ്പിച്ച കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് യുവാവിനെ തേടി എത്തിയതെന്ന സൂചനയുണ്ട്.
ഗള്‍ഫില്‍ നിന്നെത്തിച്ച സ്വര്‍ണം കണ്ണൂരിലെ മറ്റൊരു സംഘത്തിന് കൈമാറിയതായും ഇവരുടെ സംരക്ഷണത്തിലാണ് യുവാവ് ഉള്ളതെന്നും വിവരമുണ്ട്. സംഭവത്തില്‍ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.