വാദി പ്രതിയായി; കൊയിലാണ്ടിയിലെ തട്ടിക്കൊണ്ട് പോകൽ സംഭവത്തിലെ ഇരയെ പോലീസ് അറസ്റ്റ് ചെയ്തു, സ്വർണക്കടത്ത്, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന; കുറ്റം അനവധി, കൊയിലാണ്ടിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ
കൊയിലാണ്ടി: മുത്താമ്പിയിലെ തട്ടിക്കൊണ്ടുപോകൽ കേസ് വഴിത്തിരിവിൽ. കസ്റ്റംസിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച് സ്വർണ്ണം തട്ടിയതിന് ഹനീഫയെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു. ഈ കേസിൽ ഊരള്ളൂർ സ്വദേശി ശംസാദും അറസ്റ്റിലായിട്ടുണ്ട്.
പയ്യോളി സ്വദേശി വിദേശത്തു നിന്നെത്തിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടിയതായി വ്യാജ രേഖയുണ്ടാക്കി ഹനീഫ ഉടമകളെ കബളിപ്പിക്കുകയായിരുന്നു. വിമാനത്താവളം വഴി കടത്തിയ സ്വർണ്ണം ഉടമകൾക്ക് നൽകാതെ ഹനീഫയും രണ്ട് സുഹൃത്തുക്കളും ചേർന്ന് വീതിച്ചെടുക്കുകയായിരുന്നു. സ്വർണ്ണം വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടിയെന്നാണ് ഉടമകളെ ധരിപ്പിച്ചത്. ഇതിനായി കസ്റ്റംസ് റിപ്പോർട്ട് വ്യാജമായി ഇവർ നിർമിക്കുകയായിരുന്നു.
മുത്താമ്പിയിലെ വീടിന് സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം അർധ രാത്രി ഹനീഫയെ മാരകായുധങ്ങളുമായി ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഇറക്കിവിടുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഹനീഫയും, ശംസാദും പോലീ കസ്സ്റ്റഡിയിലാണുള്ളത്. കേസന്വേഷണം ഊർജിതമാക്കിയതായി കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാർ പറഞ്ഞു.