വാക്സിൻ ക്ഷാമം രൂക്ഷം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രണ്ട് ദിവസം കുത്തിവെപ്പില്ല, ഓൺലൈൻ രജിസ്ട്രേഷനിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ
കൊയിലാണ്ടി: കോവിഡിന്റെ രണ്ടാം തരംഗം അതി തീവ്രമായ സാഹചര്യത്തിലാണ്. ആശങ്കകളും ഭീതിയും നിറഞ്ഞു നിന്ന സാഹചര്യത്തിൽ ആശ്വാസമേകിയ വാർത്തയായിരുന്നു വാക്സിൻ കുത്തിവെയ്പ്പ്. കഴിഞ്ഞ കുറച്ച് ദിവസമായി രജിസ്ടർ ചെയ്യാനുള്ള ബുദ്ധിമുട്ടിന്റെ കാര്യമാണ് ആളുകൾക്ക് പറയാനുള്ളത്. വാക്സിനു വേണ്ടി ഓൺലൈനിൽ എപ്പോൾ നോക്കിയാലും ബുക്ക്ഡ് എന്നാണ് ബന്ധപ്പെട്ട വാക്സിൻ കേന്ദ്രങ്ങളിലെ സ്റ്റാറ്റസ് കാണിക്കുന്നത്. ചിലപ്പോൾ കുത്തിവെപ്പിന് ലഭ്യമായ കേന്ദ്രം ദൂരത്താവുന്നു എന്നതും ആളുകളെ പ്രയാസപ്പെടുത്തുന്നു.
അറുപത് കഴിഞ്ഞവർക്ക് ആദ്യ ഘട്ടത്തിലും നാൽപ്പത്തിയഞ്ച് കഴിഞ്ഞവർക്ക് രണ്ടാം ഘട്ടത്തിലും വാക്സിൻ നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴിയായിരുന്നു വാക്സിൻ നൽകിയിരുന്നത്. പിന്നീട് വിവിധ പ്രദേശത്ത് ക്യാമ്പു കൾ സംഘടിപ്പിച്ച് വാക്സിൻ നൽകാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ആളുകൾ കൂട്ടമായെത്തിയതും വാക്സിൻ ലഭ്യതയിൽ വന്ന പ്രശ്നവും കാരണം ഓൺലൈൻ രജിസ്ടേഷൻ നിർബന്ധമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രണ്ടാം ഡോസുകാർക്കാണ് വാക്സിൻ നൽകുന്നത്. വാക്സിൻ ലഭ്യതയ്ക്കനുസരിച്ച് 200 മുതൽ 250 പേർക്ക് വരെയാണ് ആശുപത്രിയിൽ വാക്സിൻ നൽകുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വാക്സിൻ ക്ഷാമം മൂലം കൂടുതൽ പേർക്ക് വാക്സിൻ കൊടുക്കാൻ കഴിയുന്നില്ല. വാക്സിൻ ലഭിക്കാത്തതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ കുത്തിവെപ്പ് നടത്തില്ല. പുതുതായി വാക്സിൻ എത്തിയതെ തുടർന്ന് കുത്തിവെപ്പ് നടത്താൻ സാധികുകയുള്ളൂ.
വാക്സിൻ ക്ഷാമം മൂലം രജിസ്ട്രർ ചെയ്യുമ്പോൾ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് സൈറ്റിൽ കയറിയാലും ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നില്ല. കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് 56 ദിവസത്തിനകം രണ്ടാം ഡോസ് എടുക്കേണ്ടതിനാൽ അവർക്ക് മുൻഗണന കൊടുക്കേണ്ടതിനാലാണ് ഫസ്റ്റ് ഡോസുകാർക്ക് ബുക്കിംഗ് നൽകാത്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഒന്നാം ഡോസുകാർക്ക് ഷെഡ്യൂൾ നൽകുന്നില്ല. പതിനെട്ട് കഴിഞ്ഞവർക്കും വാക്സിൻ നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും കാര്യമായ നടപടി ആരംഭിക്കാൻ സാധിച്ചിട്ടില്ല. വാക്സിൻ ലഭിക്കാനുള്ള കാലതാമസവും വിതരണത്തിലെ കേന്ദ്രനയവുമെല്ലാം തന്നെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.
ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാലേ വാക്സിൻ ചെയ്യാൻ സാധിക്കുകയുള്ളുവെന്നത് സാധാരണക്കാരായ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മൊബൈൽ ഫോണിലൂടെ ചെയ്യാമെങ്കിലും ഓൺലൈൻ സംവിധാനത്തെപ്പറ്റി വലിയ ധാരണയില്ലാത്തതിനാൽ സന്നദ്ധ സംഘടനകളുടെ സേവന കേന്ദ്രങ്ങളെയും അക്ഷയ കേന്ദ്രങ്ങളെയുമാണ് രജിസ്ട്രേഷനായി ഇവർ സമീപിക്കുന്നത്. ഓൺലൈനിൽ രജിസ്ട്രർ ചെയ്യുമ്പോഴുള്ള പ്രയാസം പല കോണിൽ നിന്നും ഉയരുന്നുണ്ടെങ്കിലും പരിഹാര നടപടി ഉണ്ടായിട്ടില്ല.
ഓരോ വാർഡിനകത്തെയും വാക്സിൻ എടുത്തവരുടെയും എടുക്കാനുള്ള ആളുകളുടെയും ലിസ്റ്റ് തയ്യാറാക്കി ശേഷം മുൻഗണന നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കി രജിസ്ടേഷനും വാക്സിൻ സൗകര്യവും ഒരുക്കണമെന്നാണ് മിക്ക ആളുകളും പറയുന്നത്.