വാക്‌സിന്‍ വിതരണത്തിലെ സ്വജനപക്ഷപാതം; മുസ്ലീം ലീഗ് കൗണ്‍സിലറുടെ പരാമര്‍ശം അതീവ ഗൗരവതരം, കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും കെ.എം നജീബ് രാജി വെക്കണമെന്ന് സിപിഎം


കൊയിലാണ്ടി: വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെ.എം.നജീബിന്റെ ഓഡിയോ അതീവ ഗൗരവമുളളതാണെന്ന് സിപിഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് പറഞ്ഞു. വാക്‌സിന്‍ വിതരണത്തില്‍ സ്വജനപക്ഷപാതിത്വം കാണിച്ച കൊയിലാണ്ടി നഗരസഭ 42 ആം വാര്‍ഡ് കൗണ്‍സിലര്‍ രാജിവെക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

തന്റെ വാര്‍ഡില്‍ വാക്സിനായി അനുവദിക്കുന്ന ടോക്കണ്‍ ലീഗ്കാര്‍ക്കാണ് കൊടുക്കുക. അഥവാ തന്റെ വാര്‍ഡില്‍ ലീഗുകാരില്ലെങ്കില്‍ അടുത്ത വാര്‍ഡുകളിലെ ലീഗുകാര്‍ക്കാണ് ടോക്കണ്‍ അനുവദിക്കുകയെന്നും ലീഗ് കൗണ്‍സിലറുടെതായി പുറത്തു വന്ന ഓഡിയോയില്‍ പറയുന്നു.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനായി നഗരസഭ സംഘടിപ്പിക്കുന്ന വാക്സിന്‍ ക്യാമ്പിന്റെ ഭാഗമായി ഓരോ വാര്‍ഡിലെയും കൗണ്‍സിലര്‍മാര്‍ക്ക് നിശ്ചിത എണ്ണം ടോക്കണ്‍ അനുവദിക്കാറുണ്ട്. ഇത്തരത്തില്‍ 42 ആം വാര്‍ഡില്‍ വാക്സിനായി അനുവദിക്കുന്ന ടോക്കണ്‍ മുസ്ലിം ലീഗുകാര്‍ക്ക് മാത്രം അനുവദിക്കുന്നു എന്നാണ് പരാതി. 42 ആം വാര്‍ഡില്‍ ലീഗുകാരില്ലെങ്കില്‍ തൊട്ടടുത്ത വാര്‍ഡിലെ ആവശ്യക്കാരായ ലീഗുകാര്‍ക്കും താന്‍ വാക്സിന്‍ ടോക്കണ്‍ അനുവദിക്കാറുണ്ടെന്നും ഓഡിയോയില്‍ പറയുന്നു.

42 ആം വാര്‍ഡില്‍ അനുവദിക്കുന്ന വാക്സിന്‍ ടോക്കണ്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ വാര്‍ഡിലെ മുസ്ലിം ലീഗുകാര്‍ക്കും വാര്‍ഡിനു പുറത്തുള്ള ലീഗുകാര്‍ക്കും അനുവദിക്കുന്ന കൗണ്‍സിലര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വാര്‍ഡിലെ താമസക്കാരനായ സൗലത്ത് അഹമ്മദ് പരാതി നല്‍കിയിരുന്നു.