വടകരയിൽ വീണ്ടും വൻ വിദേശമദ്യ വേട്ട; 486 കുപ്പി മദ്യവുമായി ഒരാൾ അറസ്റ്റിൽ
വടകര: ഒരാഴ്ചക്കിടയില്‍ വടകരയില്‍ വീണ്ടും വന്‍ വിദേശമദ്യവേട്ട. കാറില്‍ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി. കോഴിക്കോട് താലൂക്കില്‍ കുരുവട്ടുര്‍ പെരിയാട്ട് കുന്നുമ്മല്‍ സിബീഷിനെയാണ് (40) വടകര എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

മൂരാട് പാലത്തിനു സമീപം കണ്ണുര്‍-കോഴിക്കോട് ദേശീയപാതയില്‍ വാഹന പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടികൂടിയത്. മാഹിയില്‍ നിന്നു കെഎല്‍ 11- 7799 നമ്പര്‍ കാറിലാണ് മദ്യം കടത്തിയത്. കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലുമൊക്കെയായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് ആലപ്പുഴ സ്വദേശിയെ 402 കുപ്പി മാഹി മദ്യവുമായി വടകര എക്സൈസ് സംഘം പിടികൂടിയത്.

കോഴിക്കോട്ടേക്കാണ് ഇയാൾ മദ്യം കടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. കാറും കസ്റ്റഡിയിലെടുത്തു. പ്രിവൻറീവ് ഓഫിസർ പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) സി.രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഗേഷ് ബാബു, സി.വി.സന്ദീപ്, ഇ.എം. മുസ്ബിൻ, ബബിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.