വടകരയിലെ പോലീസുകാരന്റെ വീട്ടിലെ സ്‌ഫോടനം; 26 വീടുകൾക്ക് നാശം സംഭവിച്ചു, ദുരൂഹത തുടരുന്നു


വടകര: കരിമ്പനപ്പാലം കളരിയുള്ളതിൽ ക്ഷേത്രത്തിന് സമീപം പോലീസുകാരന്റെ വീടിനോടു ചേർന്ന ഷെഡിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ നാശനഷ്ടം സംഭവിച്ചത് പ്രദേശത്തെ 26 വീടുകൾക്ക്. വീടുകളുടെ ജനൽച്ചില്ലുകളും വാതിലുകളും ഉൾപ്പെടെയുള്ളവയാണ് തകർന്നത്. സംഭവത്തിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആഭിച്ചു.

സ്ഫോടനത്തിനുശേഷം വെടിമരുന്നിന്റെ മണം പ്രദേശത്ത് ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഫൊറൻസിക് വിദഗ്‌ധരും ബോംബ്-ഡോഗ് സ്ക്വാ‍ഡുകളും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ചൊവ്വാഴ്ച രാത്രി 10.20-ഓടെ വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ തേവൂന്റവിട ചിത്രദാസന്റെ വീടിനോടു ചേർന്ന ഷെഡിലാണ് ഉഗ്രസ്ഫോടനം നടന്നത്.

ഷെഡിനുള്ളിൽ സൂക്ഷിച്ച രണ്ട് ഗ്യാസ് സിലിൻഡറുകൾ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് എങ്ങനെ തീപിടിച്ചെന്നത് വ്യക്തമല്ല. സ്ഫോടനത്തിന്റെ ശബ്ദം അഞ്ചുകിലോമീറ്റർ ചുറ്റളവിൽ കേട്ടു. സമീപത്തെ വീടുകളിൽ ശക്തമായ പ്രകമ്പനവുമുണ്ടായി. കുറെനേരത്തേക്ക് പ്രദേശമാകെ പുക നിറഞ്ഞു.

തൊട്ടടുത്ത് താമസിക്കുന്ന ചിത്രദാസന്റെ സഹോദരൻ സുനിലിന് ജനൽ ഗ്ലാസ് പൊട്ടിത്തെറിച്ച് നെറ്റിയിൽ രണ്ടിടത്തായി മുറിവേറ്റു. ചിത്രദാസന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ചില്ലുകൾ മൊത്തം തകർന്നു. വീട്ടിലെ എല്ലാ ജനൽഗ്ലാസുകളും വാതിലുകളും എ.സി. ഉൾപ്പെടെയുള്ള ഉപകരണങ്ങളും തകർന്നു. സ്ഫോടനം നടന്ന ഷെഡ് ഛിന്നഭിന്നമായി. നാലുമൂലയിൽ ചെങ്കല്ല് കെട്ടിപ്പൊക്കി മേൽക്കൂരയിൽ ഷീറ്റിട്ട ഷെഡാണിത്.