റോഡ് അപകടങ്ങളില്‍ പെട്ടവരെ കണ്ടാല്‍ കണ്ണടയ്ക്കല്ലേ; അപകടത്തില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് റോഡ് അപകടങ്ങളില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ്. അപകടത്തില്‍ പെട്ടതിനു ശേഷമുള്ള ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ (ഗോള്‍ഡന്‍ അവേഴ്‌സ്) പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് 5,000 രൂപയാണ് പാരിതോഷികമായി ലഭിക്കുക.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ മാസം 15 മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലയളവ്.
റോഡപകടബാധിതരെ സഹായിക്കാന്‍ പൊതുജനങ്ങളെ പ്രചോദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 5000 രൂപക്കൊപ്പം പ്രശസ്തി പത്രവും ലഭിക്കും. ഇത്തരത്തില്‍ റോഡപകടങ്ങില്‍ പെട്ടവരെ സഹായിക്കുന്നവരില്‍ നിന്ന് 10 പേര്‍ക്ക് ദേശീയ തലത്തില്‍ പുരസ്‌കാരം നല്‍കും. ലക്ഷം രൂപയായിരിക്കും വര്‍ഷത്തില്‍ നല്‍കുന്ന ഈ പുരസ്‌കാര ജേതാവിന് ലഭിക്കുക.
ഒന്നിലധികം പേര്‍ ഒന്നിലധികം ഇരകളുടെ ജീവന്‍ രക്ഷിക്കുകയാണെങ്കില്‍ ഒരാള്‍ക്ക് 5,000 രൂപ വെച്ച് രക്ഷിക്കുന്നവര്‍ക്ക് 5000 രൂപ വീതവും നല്‍കുമെന്നും മാര്‍ഗ രേഖയില്‍ പറയുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഗതാഗതവകുപ്പ് സംസ്ഥാനങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് വര്‍ഷത്തില്‍ പരമാവധി അഞ്ചു തവണ പാരിതോഷികത്തിന് അര്‍ഹനാക്കാം. രാജ്യത്ത് ദിനംപ്രതി റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.