റോഡില്‍ വിള്ളല്‍, ദേശീയപാത പൊളിച്ച് വീണ്ടും ടാറിങ് നടത്തി


താമരശ്ശേരി : റീടാറിങ് കഴിഞ്ഞശേഷം വിള്ളല്‍ വീണതിനെത്തുടര്‍ന്ന് ദേശീയപാത വീണ്ടും പൊളിച്ച് ടാറിങ് നടത്തി. ദേശീയപാത 766-ല്‍ കോഴിക്കോട്-കൊല്ലങ്ങല്‍ റോഡില്‍ താമരശ്ശേരി ചെക്ക് പോസ്റ്റ് മുതല്‍ അടിവാരംഭാഗത്ത് റീടാറിങ് ചെയ്ത ഭാഗത്താണ് വീണ്ടും വിള്ളല്‍ വീണത്. വിള്ളല്‍വീണഭാഗം പൊളിച്ച് ടാറിങ് ചെയ്യുന്ന പ്രവൃത്തി ഇന്നലെ നടന്നു.
റീടാറിങ് നടന്ന ഭാഗത്ത് വ്യാപകമായി വിള്ളലുകള്‍ രൂപപ്പെടുകയും ടാറിങ് ഇളകിപ്പോകുകയും ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് റീടാറിങ് നടന്നെങ്കിലും പലയിടത്തും അതേ അവസ്ഥ തുടരുകയാണ്. ദേശീയ പാതയില്‍ ആദ്യം റീടാറിങ് കഴിഞ്ഞ് ഒരു ഒരാഴ്ച പിന്നിട്ടപ്പോള്‍ത്തന്നെ റോഡിന്റെ തകര്‍ച്ചയും തുടങ്ങി.

നാട്ടുകാര്‍ മുഖ്യമന്ത്രിക്കും ദേശീയപാത ചീഫ് എന്‍ജിനിയര്‍ക്കും സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനും, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഒരു കിലോമീറ്റര്‍ റീടാറിങ് നടത്തിയഭാഗം പൂര്‍ണമായും വിവിധയിടങ്ങളില്‍ ഭാഗികമായും ടാറിങ് പൊളിച്ചുമാറ്റി വീണ്ടും ടാറിങ് ചെയ്യുകയായിരുന്നു.