റോഡില്‍ മാലിന്യം തള്ളിയ വാഹനം പിടിയില്‍


കോഴിക്കോട്: മലാപ്പറമ്പ് തൊണ്ടയാട് ബൈപ്പാസ് റോഡില്‍ മാലിന്യം തള്ളിയ വാഹനം പിടികൂടി. നമ്മുടെ കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള ‘മിഷന്‍ സുന്ദരപാതയോരം’ ശുചീകരണ പ്രവൃത്തിയിലുള്‍പ്പെടുത്തി വൃത്തിയാക്കിയ പരിസരമാണിത്. കെഎല്‍ 11 എ എല്‍ 3684 ടിപ്പര്‍ ലോറിയാണ് പിടികൂടിയത്. രണ്ട് ദിവസത്തിനുളളില്‍ മാലിന്യം തള്ളിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കാനും പരിസര പ്രദേശങ്ങള്‍ ശുചീകരിക്കാനും ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി.

നഗരത്തില്‍ നിരീക്ഷണം ശക്തമാക്കും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ ഭരണ കൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘നമ്മുടെ കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായാണ് മലാപ്പറമ്പ്,-തൊണ്ടയാട് ബൈപാസ് റോഡ് ശുചീകരിച്ചത്. വിവിധ കോളേജുകളില്‍ നിന്നുള്ള 321 എന്‍എസ്എസ് വളണ്ടിയര്‍മാരും, പി.ആര്‍.ടി.സി, എന്‍.സി.സി, വളണ്ടിയര്‍മാര്‍ നാഷണല്‍ ഹൈവേ അതോറിറ്റി, നമ്മുടെ കോഴിക്കോട് ടീമംഗങ്ങള്‍ ഏഴ് ദിവസം കൊണ്ടാണ് രണ്ടര കിലോമീറ്റര്‍ വരുന്ന സ്ഥലം വൃത്തിയാക്കിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷഫീര്‍ മുഹമ്മദ്, കെ സി സൗരവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിടികൂടിയത്.

അനധികൃത മാലിന്യ നിക്ഷേപം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ‘നമ്മുടെ കോഴിക്കോട്’ ആപ്പിലൂടെ ഫോട്ടോ സഹിതം പരാതിപ്പെടാം. അല്ലാത്തപക്ഷം 9847764000
എന്ന നമ്പറില്‍ വാട്‌സ്ആപ്പ് ചെയ്യണമെന്ന് നിര്‍ദേശം.