റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാർ തീരുമാനം ഡ്രൈവർമാർക്കും ആശ്വാസം
കൊയിലാണ്ടി: കാലാവധി കഴിയാറായ പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം തെല്ലൊരാശ്വാസത്തോടെയാണ് ജില്ലയിലെ എൽഡിവി ഡ്രൈവർ വേരിയസ് ഗ്രേഡ് ടു റാങ്ക് ഹോൾഡേഴ്സ് കാണുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഫെബ്രുവരി 6 ന് തീരാനിരിക്കെയാണ് കാലാവധി നീട്ടികൊണ്ടുള്ള സർക്കാർ ശുപാർശ വന്നത്.
2018 ഫെബ്രുവരി ആറിന് നിലവില്‍ വന്ന റാങ്ക് ലീസ്റ്റില്‍ 484 പേരാണ് ഉള്‍പ്പെട്ടിരുന്നത്. 484 പേരുള്ള ലിസ്റ്റില്‍ നിന്നും 37 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ബാക്കിയുളളവരുടെ കാര്യം ആശങ്കയിലായിരുന്നു. റാങ്ക് ലീസ്റ്റിന്റെ കാലാവധി നീട്ടിയതിനാല്‍ കുറച്ച് പേര്‍ക്ക് കൂടി നിയമനം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
പല സര്‍ക്കാര്‍ വകുപ്പിലും വാഹനങ്ങളോടിക്കാന്‍ സ്ഥിരം ഡ്രൈവര്‍മാരില്ല. കരാര്‍ നിയമനമാണ് എല്ലായിടത്തും ഉളളത്. കോഴിക്കോട് ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി കൊടുത്ത നാനൂറോളം വിവരാവകാശരേഖ പ്രകാരം സ്ഥിര ഡ്രൈവര്‍ ഇല്ലാത്ത വാഹനങ്ങള്‍ 160 എണ്ണം വരും. പല വകുപ്പിലും താല്‍ക്കാലിക പിന്‍വാതില്‍ നിയമനമാണ് നടത്തുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. റാങ്ക് ലീസ്റ്റ് നിലിവല്‍ ഉളളപ്പോഴാണ് താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നത്. കംപല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സി ആക്ട് പ്രകാരം താല്‍ക്കാലിക നിയമനം എംപ്ലോയ്മെന്റ് മുഖാന്തിരമാണ് നടത്തേണ്ടത്. എന്നാല്‍ അതും പാലിക്കപ്പെടുന്നില്ല.
ഡ്രൈവര്‍ തസ്തികയില്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ലീസിറ്റിലുളളവര് പലതവണ സര്‍ക്കാറിന് നിവേദനം സമര്‍പ്പിച്ചെങ്കിലും സാമ്പത്തികബാധ്യത പറഞ്ഞു ഒഴിവാക്കുകയായിരുന്നു. എന്നാല്‍ കരാര്‍ നിയമനം നേടിയ പലരേയും സ്ഥിരപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. ഇനി ഒരു പരീക്ഷ എഴുതാന്‍ കഴിയാത്ത പ്രായപരിധി കഴിഞ്ഞ നിരവധി ആളുകളാണ് പട്ടികയിലുള്ള പലരും.
2015 ല്‍ അവസാനിച്ച ഡ്രൈവര്‍ റാങ്ക് ലിസ്റ്റില്‍ 185 പേരായിരുന്നു ഉണ്ടായിരുന്നത്. ആ ലീസ്റ്റിലെ മുഴുവന്‍ പേര്‍ക്കും കഴിഞ്ഞ സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നു. 38 ഗ്രാമപഞ്ചായത്തില്‍ 40 പോസ്റ്റ് ഉണ്ടാക്കിയാണ് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും അന്ന് നിയമനം നല്‍കിയത്. കോഴിക്കോട് ജില്ലയിലെ 54 ഗ്രാമപഞ്ചായത്തിലും 13 ബ്ലോക്ക് പഞ്ചായത്തിലും ഇപ്പോള്‍ താല്‍ക്കാലിക ഡ്രൈവര്‍മാര്‍ ആണ് ജോലി ചെയ്യുന്നത്.
നിരന്തരമായി ഈ വിഷയങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനാല്‍ പ്രതിഷേധിച്ച് എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 വേരിയസ് റാങ്ക് ഹോള്‍ഡേഴ്സ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 18 മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ മുന്നില്‍ അനിശ്ചിതകാല സമരം നടന്നുവരികയാണ്. ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന ആവശ്യം റാങ്ക് ലിസ്റ്റ് ഒരുവര്‍ഷത്തേക്ക് നീട്ടുകയെന്നതാണെന്ന് എല്‍.ഡി.വി ഡ്രൈവര്‍ ഗേഡ് രണ്ട് വാരിയസ് റാങ്ക് ഹോള്‍ഡേര്‍സ് അസോസിയേഷന് ജില്ലാ സെക്രട്ടറി വിപിന്‍ കായണ്ണ പറഞ്ഞു.