രണ്ടാം പിണറായി മന്ത്രിസഭ; ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക്, സത്യപ്രതിജ്ഞ മെയ് 20 ന്


തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ എല്‍ജെഡിക്ക് മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്ന് സിപിഎം അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യവും നടക്കില്ലെന്ന് സിപിഎം. അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് ജോസ് കെ മാണി പറഞ്ഞു. ഇടത് മുന്നണിയിലെ വിവിധ കക്ഷിനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച തുടരുകയാണ്. നാല് കക്ഷികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കുമെന്നാണ് പുറത്ത് വരുന്ന വിവരം.


മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞക്കെത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. തലസ്ഥാനം ട്രിപ്പിള്‍ ലോക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇരുപതിന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പന്തലിന്റെ ജോലികള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.