രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു, ചടങ്ങ് വൈകിട്ട് മൂന്നരയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ഭരണം നേടിയ പിണറായി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം വെര്‍ച്വല്‍ ആയി പങ്കെടുക്കും. 24നോ 27നോ നിയമസഭ ചേരുന്നതും പരിഗണനയിലുണ്ട്. നിയുക്ത മന്ത്രിമാര്‍, എംഎല്‍എമാര്‍, ജഡ്ജിമാര്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയില്‍ ക്ഷണമുള്ളത്.
പിണറായി വിജയനും നിയുക്ത മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തും. രാവിലെ ഒന്‍പത് മണിയോടെ പുഷ്പാര്‍ച്ചനയ്ക്കായി നേതാക്കള്‍ ആലപ്പുഴയിലെത്തും. അതേ സമയം സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് 500 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെയായിരുന്നു വിമര്‍ശനം.