യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ കാറുടമ അറസ്റ്റിൽ
കോഴിക്കോട്: കണ്ണഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ കാറുടമ രാമനാട്ടുകര ഹർ നിവാസിൽ സി.ഷാഹുൽ ദാസിനെ (33) പന്നിയങ്കര പോലീസ് അറസ്റ്റുചെയ്തു. അപകടമുണ്ടാക്കിയ കെ.എൽ. 64 എച്ച് 4000 നമ്പറിലുള്ള ഗ്രേനിറത്തിലുള്ള കാറാണ് വൈദ്യരങ്ങാടിയിലെ ഒരുപറമ്പിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്.
മാർച്ച് ആറിന് അർധരാത്രിയാണ് കണ്ണഞ്ചേരി പെട്രോൾപമ്പിന് മുന്നിൽവെച്ച് ഓട്ടോ തള്ളിക്കൊണ്ടുവരുകയായിരുന്ന നാലുപേരെ കാറിടിച്ച് നിർത്താതെപോയത്. അപകടത്തിൽ മാത്തോട്ടം അരക്കിണർ ചാക്കീരിക്കാട്ട് പറമ്പ് കൊമ്മടത്തിൽ പ്രജീഷ് (33) മരിച്ചു. സുഹൃത്തുക്കളായ ഷിജിത്ത്, സന്തോഷ്, വിനു എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനം കണ്ടെത്താൻ നഗരം മുതൽ രാമനാട്ടുകരവരെയുള്ള ദേശീയപാതയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കാറിന്റെ കോഴിക്കോടും തൃശ്ശൂരിലുമുള്ള ഷോറൂമുകളിൽ നടത്തിയ അന്വേഷണത്തിൽനിന്ന് ഒരു സ്ത്രീയുടെ പേരിലുള്ള വാഹനമാണെന്ന് കണ്ടെത്തി. ഇവരുടെ ഭർത്താവാണ് പിടിയിലായ ഷാഹുൽദാസ്.
പന്നിയങ്കര സ്റ്റേഷൻ ഓഫീസർ റജീന കെ. ജോസിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. കെ. മുരളീധരൻ, എസ്.ഐ. ശ്രീജയൻ, സി.പി.ഒ.മാരായ രജീഷ്, സുശാന്ത്, രമേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയതും വാഹനം കണ്ടെത്തിയതും.