യുവതയുടെ ശബ്ദമുയർത്താൻ കോഴിക്കോട് നിന്ന് ഇവർ നിയമസഭയിലുണ്ടാവും


കോഴിക്കോട്: ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവജനങ്ങളെയും വനിതകളെയും കാര്യമായി പരിഗണിച്ചു തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി നിർണ്ണയം നടത്തിയത്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലുള്ള മൂന്ന് പേർക്കാണ് കോഴിക്കോട് ജില്ലയിൽ അവസരം നൽകിയത്. പരിഗണന പാഴാക്കാതെ മുഹമ്മദ് റിയാസും, സച്ചിൻ ദേവും, ലിന്റോ ജോസഫും ഇനി നിയമസഭയിലേക്ക്.

വിദ്യാർത്ഥി – യുവജന സമര മുഖങ്ങളിൽ നിറഞ്ഞു നിന്ന് അവകാശങ്ങൾക്കായ് പോരാടിയും, സംഘടനയെ നയിച്ചും ശ്രദ്ധ നേടിയ ഇവരെ ഏറെ പ്രതീക്ഷയോടെയാണ് ജനം വിജയിപ്പിച്ചിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ മുഹമ്മദ് റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബേപ്പൂരിൽ നിന്നും വിജയിച്ചത്. കോൺഗ്രസിലെ പി.എം.നിയാസിനെയാണ് പരാജയപ്പെടുത്തിയത്.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായ സച്ചിൻ ദേവ് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിനിമാ താരം കൂടിയായ യുഡിഎഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൽഗാട്ടിയെ പരാജയപ്പെടുത്തിയത്.

നിലവിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റായ ലിന്റോ ജോസഫ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമാണ്. 4,643 വോട്ടിന് യുഡിഎഫിന്റെ സി.പി.ചെറിയ മുഹമ്മദിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തുന്നത്.

എം.വിജിൻ (കല്യാശ്ശേരി), മുഹമ്മദ് മുഹസിൻ (പട്ടാമ്പി), കെ.യു.ജനീഷ് കുമാർ (കോന്നി), എ.രാജ (ദേവികുളം), എം.എസ്.അരുൺ കുമാർ (മാവേലിക്കര), വി.കെ.പ്രശാന്ത് (വട്ടിയൂർകാവ്), ഇവരെല്ലാം ഇത്തവണ എൽ.ഡി.എഫിന്റെ യുവ ശബ്ദങ്ങളായി നിയമ നിർമ്മാണ സഭയിലുണ്ടാവും.

പാലക്കാട് മെട്രോമാനെ പരാജയപ്പെടുത്തി ശ്രദ്ധ നേടിയ യു.ഡി.എഫിന്റെ ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃനിരയിലുളള വ്യക്തിയാണ്.