യാത്രക്കിടയില്‍ നെഞ്ചുവേദന; ട്രിപ്പ് മുടക്കി യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരായ പേരാമ്പ്ര സ്വദേശി ജോജോയും, ഓമശ്ശേരി സ്വദേശി സുരേഷ് ബാബുവും


പേരാമ്പ്ര: കെ.എസ്.ആർ.ടി.സി. ബസിൽ കയറിയ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ട്രിപ്പ് റദ്ദാക്കി ആശുപത്രിയിലെത്തിച്ച് മാതൃകയായിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവറായ ഓമശ്ശേരി കോരഞ്ചോലമ്മൽ കെ.സി. സുരേഷ് ബാബുവും പേരാമ്പ്ര പേണ്ടാനത്ത് ജോജോയും. താമരശ്ശേരി-കൂരാച്ചുണ്ട്-പേരാമ്പ്ര റൂട്ടിലോടുന്ന ബസിലെ ജീവനക്കാരാണ് ഇരുവരും.

രാവിലെ ഏഴുമണിക്ക്‌ പേരാമ്പ്രയിലേക്ക് പോകുകയായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യാത്രക്കാരന് കൂരാച്ചുണ്ട് പെട്രോൾ പമ്പിന് സമീപത്തുവെച്ച് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടു. താമരശ്ശേരി ഡിപ്പോയിൽ വിളിച്ച് അനുമതി വാങ്ങിയശേഷം യാത്രക്കാരനെ ഉടൻ ബസിൽതന്നെ പേരാമ്പ്ര ഇ.എം.എസ്. ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകളോളം ആശുപത്രിൽ ചെലവഴിക്കേണ്ടിവന്നതിനാൽ ട്രിപ്പ് മുടക്കേണ്ടതായും വന്നു. രോഗിയുടെ ബന്ധുക്കളെത്തുന്നതുവരെ നിന്നശേഷമാണ് ഇരുവരും ബസ് സർവീസ് പുനരാരംഭിച്ചത്.

ട്രിപ്പ് മുടക്കി യാത്രക്കാരന്റെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ കൂരാച്ചുണ്ട് പൗരാവലി ആദരിച്ചു. ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ ആളുകൾക്ക് ആശ്വാസവും പ്രചോദനവും നൽകുന്നതാണെന്ന് ഇരുവരെയും പൊന്നാട അണിയിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പറഞ്ഞു. ജീവകാരുണ്യ പ്രവർത്തകനായ ജലീൽ കുന്നുംപുറം, ജോൺസൺ താന്നിക്കൽ, സന്ദീപ് കളപ്പുരയ്ക്കൽ, ജെയിംസ് കടമ്പനാട്ട്, കെ.സി. മൊയ്തി, ഹമീദ് മാണിക്കോത്ത്, മുജീബ് പാലക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.