മേലേത്തട്ടുമുതല്‍ താഴെവരെ മുഖംനോക്കാതെ നടപടി; സി.പി.എം ശുദ്ധീകരണത്തിന്‌


കോഴിക്കോട്: സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധത്തിലുള്ള അച്ചടക്കനടപടികളാണിപ്പോള്‍ ജില്ലകളില്‍ നടപ്പാക്കുന്നത്. പ്രതാപികളായ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍വരെ സസ്‌പെന്‍ഷനോ ശാസനയ്‌ക്കോ തരംതാഴ്ത്തലിനോ വിധേയരായിട്ടുണ്ട്. താഴേത്തട്ടിലേക്കും നീളുന്നുണ്ട് അച്ചടക്കനടപടികള്‍.

അടുത്തവര്‍ഷം ഫെബ്രുവരിയില്‍ എറണാകുളത്ത് സംസ്ഥാന സമ്മേളനവും ഏപ്രിലില്‍ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസും നടക്കാനിരിക്കെയാണ് സി.പി.എം. സംസ്ഥാനനേതൃത്വം അച്ചടക്കനടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതില്‍ പാര്‍ട്ടിയില്‍ നേരത്തേയുണ്ടായിരുന്ന വിഭാഗീയതയുടെ അംശങ്ങളോ പ്രതികാരനടപടികളോ ഉണ്ടാവുന്നില്ല എന്നതാണ് ശ്രദ്ധേയം. ഔദ്യോഗിക നേതൃത്വത്തോട് ചേര്‍ന്നുനില്‍ക്കുന്ന എറണാകുളം ജില്ലാ നേതൃത്വത്തിലെ പ്രമുഖര്‍പോലും നടപടിക്കു വിധേയരായി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്കു നേരെയാണ് നടപടികള്‍. അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചില റിപ്പോര്‍ട്ടുകളില്‍ മൃദുസമീപനം കാണിച്ചതിനെത്തുടര്‍ന്ന് മേല്‍ഘടകത്തിന്റെ ഇടപെടലുമുണ്ടായി. എറണാകുളത്ത് സംഭവിച്ചതും ഇത്തരം നടപടിയാണ്.

”ഏല്‍പ്പിക്കുന്ന ചുമതല കൃത്യമായി നിര്‍വഹിക്കാത്തവര്‍ക്ക് പാര്‍ട്ടിയുടെ സംരക്ഷണം ലഭിക്കുന്നുവെന്നു കണ്ടാല്‍ ഭാവിയില്‍ മറ്റുള്ളവര്‍ക്കും ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ധൈര്യംവരും. അത് തടയുകതന്നെയാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നത്” -പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ബദല്‍രേഖയുടെ പേരില്‍ 1986-ല്‍ എം.വി. രാഘവനും സംഘവും ഇടഞ്ഞപ്പോഴും പാലക്കാട് സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സി.ഐ.ടി.യു. വിഭാഗത്തെ വെട്ടിനിരത്തിയപ്പോഴും പിന്നീട് വി.എസ്.-പിണറായി പക്ഷങ്ങള്‍ ഏറ്റുമുട്ടിയപ്പോഴുമാണ് സി.പി.എമ്മില്‍ വിഭാഗീയത കാര്യമായി ഉടലെടുത്തത്. ചിലരെല്ലാം നടപടിക്കു വിധേയരുമായി. ഇത്തവണ അത്തരം വിഭാഗീയതയില്‍നിന്നെല്ലാം പാര്‍ട്ടി മുക്തമാണ്.

ഇപ്പോള്‍ ചില കേന്ദ്രങ്ങളില്‍ സ്വീകരിച്ച നടപടികള്‍ പഴയ വി.എസ്. പക്ഷത്തിനുപോലും ആഹ്ലാദം നല്‍കുന്നുണ്ട്. ഭരണത്തുടര്‍ച്ച ലഭിച്ചതോടെ നേതൃത്വത്തിന് ആജ്ഞാശക്തിയും കരുത്തും കൂടി. രാഷ്ട്രീയ എതിരാളികള്‍ ദുര്‍ബലമായതും നടപടികള്‍ക്ക് ആക്കംകൂട്ടി.

തെറ്റുകള്‍ ആവര്‍ത്തിക്കരുത്

ചിലര്‍ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാഞ്ഞത് ചില മണ്ഡലങ്ങളിലെ തോല്‍വിക്കു കാരണമായി. അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായകമായ ഇടപെടലുകളാണു നടക്കുന്നത്. ഓരോ തലത്തിലും കേന്ദ്രീകൃത നേതൃത്വം അനിവാര്യമാണ്. അതിനുള്ള പരിഹാരക്രിയകളാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റൊരു പാര്‍ട്ടിക്കും ഇത്തരമൊരു നടപടി സ്വീകരിക്കാനാവില്ല.

-കോടിയേരി ബാലകൃഷ്ണന്‍,

സി.പി.എം. പി.ബി. അംഗം