മേപ്പയ്യൂര്‍ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷം; 15 വാര്‍ഡുകൾ കണ്ടെയ്ന്‍മെന്റ് സോൺ, 3 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നു. പഞ്ചായത്തില്‍ ആകെയുള്ള 17 വാര്‍ഡില്‍ 15 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിട്ടു. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള മൂന്ന് വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റാക്കി ഉത്തരവിട്ടു. 3, 8, 9 എന്നീ വാര്‍ഡുകളാണ് പഞ്ചായത്തില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നിലവിൽ 313 രോഗികളാണ് ഉള്ളത്.

കീഴ്പ്പയ്യൂര്‍ യുപി സ്‌കൂള്‍ എഫ്എല്‍ടിസിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് കെടി രാജന്‍ പറഞ്ഞു. മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. ആര്‍ആര്‍ടി യോഗങ്ങള്‍ കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് ചേർന്ന് ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്. പതിമൂന്നോളെ പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യുവജനങ്ങളെയും ആശാപ്രവര്‍ത്തകരെയും പ്രത്യേക സംഘങ്ങളാക്കി രൂപീകരിച്ചിട്ടുണ്ട്. മേഖലയില്‍ കര്‍ശന പ്രതിരോധ നടപടികളാണ് ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെടി രാജന്‍ കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു.