മേപ്പയ്യൂര്‍ സലഫി തീവെപ്പ് കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം- സി.പി.എം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സലഫി തീവെപ്പ് കേസില്‍ അന്വേഷണം ത്വരിതപ്പെടുത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 2016 ലാണ് സലഫി കോളേജിന്റെ ക്യാമ്പസില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ കത്തി നശിപ്പിച്ചത്.
സലഫി ക്യാമ്പസില്‍ നിര്‍ത്തിയിട്ടിരുന്ന നാല് ബസുകളാണ് ഇരുട്ടിന്റെ മറവില്‍ 2016 ഫെബ്രുവരി 2 ന് കത്തി നശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ മേപ്പയ്യൂര്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. യു.ഡി.എഫ് ഭരണകാലത്ത് അന്വേഷണം മരവിച്ച് കിടന്നു. കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ലീഗിലെ ഒരു വിഭാഗം ശ്രമിക്കുന്നു എന്ന പരാതിയും ഉയര്‍ന്നു വന്നു.
എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതോടെ സലഫി മാനേജ്‌മെന്റ് നല്‍കിയ പരാതിയെ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഗൂഢാലോചനക്കുറ്റത്തിന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും അന്വേഷണം ഇതു വരെ പ്രധാന പ്രതികളില്‍ എത്തിയിട്ടില്ല. ഗൂഢാലോചന കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് കാണിച്ച് മുസ്ലീം ലീഗ് ഇപ്പോള്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ സമഗ്രാന്വേഷണം വേണമെന്ന് ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.എം സത്യേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗം എം.കുഞ്ഞമ്മത്, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, ലോക്കല്‍ സെക്രട്ടറിപി.പി.രാധാകൃഷ്ണന്‍, കെ.കെ.വിജിത്ത് എന്നിവര്‍ സംസാരിച്ചു.