മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ആകെ കൊവിഡ് കേസുകള്‍ നാനൂറിന് മുകളില്‍; കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളിലെ കൊവിഡ് കണക്കുകള്‍ ഇങ്ങനെ


മേപ്പയ്യൂര്‍: പന്ത്രണ്ട് വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായിട്ടുള്ള മേപ്പയ്യൂര്‍ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ നാനൂറിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നിലവില്‍ 426 പേരാണ് പഞ്ചായത്തില്‍ ചികിത്സയിലുള്ളത്. ഒമ്പതാം വാര്‍ഡായ കൊഴുക്കല്ലൂരാണ് കൂടുതല്‍ രോഗബാധിതരുള്ളത്. വാര്‍ഡ് 6, 8, 9, 13 എന്നിവയില്‍ മുപ്പതിന് മുകളില്‍ ആളുകളാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത.

കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളും കൊവിഡ് രോഗികളുടെ എണ്ണവും

ജനകീയമുക്ക് (വാര്‍ഡ് 2) 24
മേപ്പയ്യൂര്‍ (3) 21
എടത്തില്‍മുക്ക് (4) 24
മടത്തുംഭാഗം (5) 16
ചങ്ങരംവള്ളി (6) 32
കായലാട് (7) 31
മേപ്പയ്യൂര്‍ ടൗണ്‍ (8) 33
കൊഴുക്കല്ലൂര്‍ (9) 43
നിടുമ്പൊയില്‍ (11) 26
മരുതേരിപ്പറമ്പ് (13) 38
പാവട്ടുകണ്ടിമുക്ക് (15) 27
നരിക്കുനി (17) 36

പഞ്ചായത്തിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് പ്രസിഡന്റ് കെ.ടി.രാജന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൊവിഡ് കേസുകള്‍ കുറവാണ് പഞ്ചായത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രപദ്ധതി കര്‍ശനമായി നടപ്പിലാക്കുമെന്ന് മേപ്പയൂര്‍ എസ്എച്ച്ഒ എന്‍.ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

ആരോഗ്യ വകുപ്പും പഞ്ചായത്തും ചേര്‍ന്നു വിപുലമായ കര്‍മപദ്ധതി നടപ്പിലാക്കിവരുന്നതായി കുടുംബാരോഗ്യം കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി.സതീശന്‍ പറഞ്ഞു. കോവിഡ് പരിശോധന, വാക്സിനേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ഒഴികെയുള്ള ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ വീടുകള്‍ കയറിയുള്ള സര്‍വേ നടത്തിവരുന്നു.

വീടുകളില്‍ കോവിഡ് രോഗികളുണ്ടോ, ഉണ്ടെങ്കില്‍ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതെ ക്വാറന്റീന്‍ പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരെയും രോഗപരിശോധനയ്ക്ക് വിധേയരാക്കണം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയെല്ലാം ടെസ്റ്റ് ചെയ്തു എന്ന് ഉറപ്പാക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ വി.വി.വിക്രം പറഞ്ഞു.