മേപ്പയൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു മിണ്ടാപ്രാണിയുടെ ജീവന്; ഇലക്ട്രിസിറ്റി ലൈന്‍ പൊട്ടി വീണ് ശംബു യാത്രയായി
മേപ്പയൂര്‍: മേപ്പയൂര്‍ പൂതേരിപ്പാറയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് വളര്‍ത്തുനായ ചത്തു. പൂതേരിപ്പാറ ചിറ്റാരിക്കുഴിയില്‍ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള രണ്ട് വയസ് പ്രായമായ ശംബു എന്ന് പേരുള്ള ലാബ് ഇനത്തില്‍പ്പെടുന്ന നായയാണ് ചത്തത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് അരിക്കുളം സെക്ഷന്‍ പരിധിയില്‍പ്പെട്ട പൂതേരിപ്പാറ ചിറ്റാരിക്കുഴി എല്‍.ടി സിംഗില്‍ ഫേസ് ലൈന്‍ കമ്പി പൊട്ടിയാണ് നായ ചത്തത്.
കമ്പിയിലേക്ക് ചാഞ്ഞ് നില്ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനായി കെഎസ്ഇബി ജീവനക്കാരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്. അപകടം നടന്ന ഉടനെ തന്നെ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
മുപ്പതിനായിരം രൂപ വില വരുന്ന ശംബു എന്ന നായയുടെ ജീവന് നഷ്ടമായത് കെഎസ്ഇബിയുടെ അനാസ്ഥയെത്തുടര്ന്നാണെന്ന് വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ കെഎസ്ഇബി നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രി, കലക്ടര്‍,വടകര കൊയിലണ്ടി കെഎസ്ഇബി എന്‍ജിനിയര്‍ന്മാര്‍ എന്നിവര്‍ക്ക് സുരേന്ദ്രന് പരാതി നല്കി.