മെച്ചപ്പെട്ട ജീവിത നിലവാരം, ഉയർന്ന കൂലി, നല്ല സമീപനം കേരളത്തെ അതിഥി തൊഴിലാളികൾ സ്നേഹിക്കുന്നതിന്റെ കാരണങ്ങൾ


തിരുവനന്തപുരം: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ കൂടുതലായി കേരളത്തിലേക്കെത്തുന്നതിനുള്ള കാരണങ്ങള്‍ സൂക്ഷമായി പഠനവിധേയമാക്കിയ റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ മെച്ചപ്പെട്ട ജീവിത നിലവാരം, ഉയര്‍ന്ന കൂലി, തൊഴിലാളികളോടുള്ള മെച്ചപ്പെട്ട സമീപനം എന്നിവയാണ് അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്താനുള്ള അടിസ്ഥാന കാരണങ്ങളായി പഠനം ചൂണ്ടിക്കാട്ടുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് എന്‍വയോണ്‍മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്. വര്‍ഷം മുഴുവന്‍ തൊഴില്‍ ലഭിക്കാനുള്ള സാധ്യത, സ്ത്രീ തൊഴിലാളികള്‍ക്കുള്ള സുരക്ഷിതത്വം, തൊഴിലാളികളോട് വിവേചനമില്ലായ്മ എന്നിവയും കേരളത്തെ അതിഥിത്തൊഴിലാളികളുടെ പറുദീസയാക്കി മാറ്റുന്ന ഘടകങ്ങളാണെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഗ്രാമ- നഗര വിത്യാസങ്ങളില്ലാതെ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും തൊഴിലന്തരീക്ഷവുമാണ് ഉള്ളതെന്നും പഠനം പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ലേബര്‍ ബ്യൂറോ കണക്ക് പ്രകാരം ഇന്ത്യയില്‍ത്തന്നെ ഏറ്റവുമുയര്‍ന്ന ശരാശരി ദിവസക്കൂലി കേരളത്തിലാണ്. ദിവസക്കൂലിയുടെ ദേശീയ ശരാശരി 320.85 രൂപയാണെന്നിരിക്കെ കേരളത്തിലിത് 767.50 രൂപയാണ്. വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ വൈദഗ്ധ്യം നേടാനുള്ള സാധ്യത കേരളത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍ തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി 557.38 രൂപയാണ്. ഹിമാചല്‍ പ്രദേശിലിത് 501 രൂപയും ജമ്മുകശ്മീരില്‍ 450 രൂപയുമാണ്. ഗുജറാത്തിലെ ശരാശരി ദിവസക്കൂലി 265 രൂപ മാത്രവും യുപിയിലിത് 247.03 രൂപ മാത്രവുമാണ്.