മൂരാട് പുതിയ ആറുവരിപ്പാലം പൈലിങ് തുടങ്ങി; ആറ് മാസം കൊണ്ട് പാലം പണിയും


വടകര: മൂരാട്ടെ പുതിയ ആറുവരിപ്പാലത്തിന്റെ നിർമാണത്തിനു മുന്നോടിയായി പൈലിങ് തുടങ്ങി. പൈലിങ് ജോലി കരാറെടുത്തത് തൃശ്ശൂർ ആസ്ഥാനമായുള്ള വൽസാസ് ഇൻഫ്രാ പ്രോജക്ട്‌സ് എന്ന സ്ഥാപനമാണ്. 32 മീറ്റർ വീതിയിലും 204 മീറ്റർ നീളത്തിലുമാണ് ആറുവരിപ്പാലം നിർമിക്കുക. മൊത്തം ഏഴ് തൂണുകളുണ്ട് പാലത്തിന്. നാലെണ്ണം കരയ്ക്കും മൂന്ന് പുഴയിലും. 60 ഗർഡറുകളുമുണ്ടാകും.

പാലത്തിന്റെ പ്രവൃത്തി പൂർത്തിയാക്കാനുള്ള സമയം എട്ടുമാസമാണ്. ഏഴുമാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൂരാട് മുതൽ പാലോളിപ്പാലം വരെയുള്ള 2.1 കിലോമീറ്റർ റോഡ് ആറുവരിയിൽ വികസിപ്പിക്കുന്ന പ്രവൃത്തിയും മൂരാട്, പാലോളിപ്പാലം എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമാണവുമാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആദ്യം തുടങ്ങിയത്. റോഡിന്റെ പ്രവൃത്തി ഊർജിതമായി നടക്കുന്നുണ്ട്.

ഒരുവശത്ത് ഏതാണ്ട് ഒന്നര കിലോമീറ്ററോളം ദൂരത്തിൽ റോഡ് ലെവൽ ചെയ്ത് കോൺക്രീറ്റ് മിശ്രിതം ഉൾപ്പെടെ നിറച്ചു. എച്ച്.ടി വൈദ്യുതിലൈൻ മാറ്റിക്കഴിഞ്ഞാലുടൻ പ്രവൃത്തി ഒന്നുകൂടി ഊർജിതമാകും. വ്യാഴാഴ്ചയാണ് ഉപകരണങ്ങളെല്ലാം സ്ഥലത്തെത്തിച്ച് പൈലിങ് തുടങ്ങിയത്.

മൂരാട്ടെ പുതിയ പാലംപണി തുടങ്ങിയതോടെ യാഥാർഥ്യമാകുന്നത് വർഷങ്ങൾ പഴക്കമുള്ള ജനകീയ ആവശ്യം. ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന വലിയ പദ്ധതി തുടങ്ങുംമുെമ്പ മൂരാട് മുതൽ പാലോളിപ്പാലം വരെയുളള റോഡിന്റെയും പാലങ്ങളുടെയും പ്രവൃത്തി നേരത്തേ തുടങ്ങിയതുതന്നെ മൂരാട് പാലം പെട്ടെന്ന് പണിയുക എന്ന ലക്ഷ്യംവെച്ചാണ്. വലിയ ഗതാഗതക്കുരുക്കിന്റെയും ദുരിതത്തിന്റെയും കഥകളാണ് ഇത്രയുംകാലം മൂരാട് പാലത്തിന് പറയാനുണ്ടായിരുന്നത്.