മുൻ മന്ത്രി കെ.കെ.രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു


കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം.

ജില്ലയുടെ രൂപീകരണ കാലം മുതൽ വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന രാമചന്ദ്രൻ മാസ്റ്റർ പൊതുജീവിതം അവസാനിപ്പിച്ച ശേഷം വിശ്രമജീവിതം നയിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട് കക്കോടിയിലെ മകന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബത്തേരിയിൽ നിന്നും കൽപ്പറ്റയിൽ നിന്നുമായി ആറു തവണ എം.എൽ.എ ആയിട്ടുണ്ട്. ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു.

1991 മുതൽ തുടർച്ചയായി മൂന്നു തവണ കൽപറ്റ മണ്ഡലത്തിൽ നിന്ന് വിജയിച്ച രാമചന്ദ്രൻ മാസ്റ്റർ 1995-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.

2004 ൽ ആന്റണി രാജിവച്ച ശേഷം വന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 2011 ൽ അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോഴിക്കോട് ഡിസിസി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.