മാഹി വിദേശമദ്യവുമായി കൊയിലാണ്ടി സ്വദേശി പിടിയിൽ


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിൽ തിക്കോടി തെക്കെ കൊല്ലൻ്റെ കണ്ടി രഘുനാഥൻ എന്നയാളെ 73 കുപ്പി മാഹി വിദേശ മദ്യവുമായി കൊയിലാണ്ടി എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തു. ലോട്ടറി വിൽപ്പനയുടെ മറവിൽ മദ്യം വിൽപ്പന നടത്തുകയായിരുന്ന രഘുനാഥൻ്റെ ബൈക്കിലും , വീട്ടിലുമായി സൂക്ഷിച്ച മദ്യമാണ് പിടികൂടിയത്.

വിവിധ അളവിലുള്ള 73 കുപ്പികളിലായി 31 ലിറ്റർ മദ്യവും, മദ്യം കൊണ്ടുവരാൻ ഉപയോഗിച്ച മോട്ടോർ ബൈക്കും കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മീഷണർ സ്ക്വാഡിലെ അംഗമായ പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) സി.രാമകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പ്രതിയെ കോടതി 14 ദിവസത്തേക്ക് വടകര സബ് ജയിലിൽ റിമാൻ്റ് ചെയ്തു. കൊയിലാണ്ടി എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.ഹാരിസിൻ്റെ നേതൃത്തത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സോനേഷ് കുമാർ, നിഖിൽ.കെ, ഷൈനി.ബി.എൻ എന്നിവർ റെയിഡിൽ പങ്കെടുത്തു.
ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ വിൽപ്പനക്ക് സാധ്യതയുള്ളതിനാൽ റെയിഡുകൾ ശക്തമായി തുടരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു..