മാറാട് സംഭവം; കൊയിലാണ്ടിയിൽ നടന്ന അക്രമസംഭവങ്ങളിലെ പ്രതികളായ ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു


കൊയിലാണ്ടി: മാറാട് സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ നടന്ന അക്രമസംഭവങ്ങളിലെ പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾ ബിജെപി പ്രവര്‍ത്തകരായിരുന്നു. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയാണ് മുഴുവന്‍ പേരെയും വെറുതെ വിട്ടത്.

മാറാട് സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ബസ് തല്ലിത്തകര്‍ക്കുക, പ്രകടനത്തിനിടയില്‍ കൊയിലാണ്ടി ടൗണില്‍ ഹോട്ടല്‍ അടിച്ചു തകര്‍ക്കുക, മതവിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുക, തുടങ്ങിയ സംഭവത്തിലാണ് കൊയിലാണ്ടി പോലീസ് കേസ് എടുത്തിരുന്നത്.

2003 രജിസ്റ്റര്‍ ചെയ്ത കേസില്‍ 2014 വര്‍ഷത്തിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മതിയായ തെളിവില്ലാത്ത സാഹചര്യത്തിലാണ് മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടത്.

വിനോദ് വായനാരി, രഞ്ജന്‍ കൊയിലാണ്ടി, സിജു, പ്രവീണ്‍ കൊയിലാണ്ടി, സജിത്ത്, വാരിജാക്ഷന്‍, അച്യുതന്‍ കാവുംവട്ടം, മധു, ശ്രീജേഷ്, ഉണ്ണികൃഷ്ണന്‍ കാവുംവട്ടം, പ്രശാന്ത് പെരുവട്ടൂര്‍ മനോജ് എന്നിവരെയായിരുന്നു കേസിൽ പ്രതി ചേർത്തിരുന്നത്. പ്രതികൾക്ക് വേണ്ടി അഡ്വ.വി.സത്യനാണ് കോടതിയില്‍ ഹാജരായത്.