മലബാര്‍ സമര പോരാളികളെ രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങരോത്ത് മുസ്ലിം ലീഗിന്റെ തെരുവു ചര്‍ച്ച
പേരാമ്പ്ര: മലബാര്‍ സമര പോരാളികളുടെ പേര് സ്വാതന്ത്ര സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തെരുവ് ചര്‍ച്ച സംഘടിപ്പിച്ച് മുസ്ലിം ലീഗ്. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന തെരുവ് ചര്‍ച്ചയുടെ ചങ്ങരോത്ത് പഞ്ചായത്ത്തല ഉദ്ഘാടനം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ ലത്തീഫ് മാസ്റ്റര്‍ നിര്‍വഹിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ കലാപ നേതാക്കളെ നീക്കം ചെയ്യാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) ശുപാര്‍ശ ചെയ്തിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എച്ച്.ആര്‍ നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച അവലോകന റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ.
1921-ല്‍ നടന്ന മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി. ദേശീയതയുടെ ഭാഗമായിട്ടുള്ളതോ ബ്രിട്ടീഷ് വിരുദ്ധ മുദ്രവാക്യങ്ങളോ കലാപത്തിന്റെ ഭാഗമായി ഉയര്‍ന്നിട്ടില്ലെന്നും സമിതി വിലയിരുത്തി. ഒക്ടോബറോടെ സ്വതന്ത്ര സമര സേനാനികളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിക്കും.
കടിയങ്ങാട് പാലത്തില്‍ നടന്ന ചര്‍ച്ചയില്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, മൂസ കോത്തമ്പ്ര, അസീസ് നരിക്കലക്കണ്ടി, ടി.കെ റസാഖ്, ഇബ്രാഹിം പുതുശ്ശേരി, പാളയാട്ട് ബഷീര്‍, കെ.കെ റഫീഖ്, സി.കെ ജറീഷ്, ടി.കെ നഹാസ്, അബ്ദു റഷീദ് കരിങ്ങണ്ണിയില്‍, സിദ്ധീഖ് തൊണ്ടിയില്‍, നിസാര്‍ വി.പി, ജാസിം മുഹമ്മദ്, മുഹമ്മദ് ഉനൈസ് പി.ടി എന്നിവര്‍ സംസാരിച്ചു.