മലകയറിയെത്തുന്നവരെ കാത്തിരിക്കുന്നത് മനോഹര ദൃശ്യങ്ങള്‍; ബാലുശ്ശേരിക്കടുത്തുള്ള കാക്കൂര്‍ പൊന്‍കുന്ന് മലയിലെ അത്ഭുത കാഴ്ചകള്‍ അടുത്തറിയാം


ബാലുശ്ശേരിക്ക് സമീപത്തെ കാക്കൂര്‍ പൂക്കുന്ന് മല എന്ന് പൊതുവേ അറിയപ്പെടുന്ന കാക്കൂരിലെ പൊന്‍കുന്ന് മല ഹരിതഭംഗിയാലും നീരുറവകളാലും അപൂര്‍വ സസ്യജീവജാലങ്ങളാലും അനുഗൃഹീതമാണ്. കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ പഞ്ചായത്തുകളിലായി ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന പൊന്‍കുന്ന് മല ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

 

സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ മലയുടെ മുകളില്‍നിന്ന് നോക്കിയാല്‍ അറബിക്കടലും പശ്ചിമഘട്ട മലനിരകളുമടക്കം കോഴിക്കോട് ജില്ലയുടെ എല്ലാ ഭാഗങ്ങളും ദൃശ്യമാണ്. മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും പ്രകൃതി സുന്ദരമായ കാഴ്ചകളും കാണാന്‍ നൂറുകണക്കിന് സഞ്ചാരികളാണ് മലകയറാനെത്തുന്നത്.

മഴക്കാലത്ത് മലയിലെ പുല്‍മേട് പച്ചപ്പണിഞ്ഞ് നില്‍ക്കുന്ന കാഴ്ച നയനാനന്ദകരമാണ്. വന്യമൃഗങ്ങള്‍ക്ക് അഭയമൊരുക്കുന്ന മൂന്നൂറു മീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള സ്വാഭാവിക ഗുഹകളും മലയിലുണ്ട്. പുല്‍മേടും ചെങ്കല്‍പ്പാറകളും ഒറ്റപ്പെട്ട വൃക്ഷങ്ങളുമാണ് മലയിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റ് ഘടകങ്ങള്‍.

വിവിധയിനം പക്ഷിയിനങ്ങള്‍ കാണപ്പെടുന്നു എന്നതാണ് പൊന്‍കുന്ന് മലയുടെ മറ്റൊരു സവിശേഷത. മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സര്‍വേയില്‍ 140 ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു. ഇതില്‍ 34 ദേശാടനപക്ഷികളുമുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വലിയപുള്ളി പരുന്ത്, ചെറിയപുള്ളി പരുന്ത്, മേടുതപ്പി, വെള്ള അരിവാള്‍കൊക്കന്‍, ചേരക്കോഴി എന്നിവയെ പൊന്‍കുന്ന് മലയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ പശ്ചിമഘട്ടത്തില്‍ കാണുന്ന ഗരുഡന്‍, ചാരക്കാളി, കരിഞ്ചുണ്ടന്‍, ഇത്തിക്കണ്ണിക്കുരുവി തുടങ്ങിയവയെയും കാണാം.

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെയാണ് പക്ഷിനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഡിസംബറിലാണ് ഏറ്റവുമധികം പക്ഷികളെ കാണാനാവുക. കൂടാതെ ജില്ലയില്‍ തന്നെ ഏറ്റവുംകൂടുതല്‍ ഇനം പരുന്തുകളെ കാണാന്‍ കഴിയുന്നതും പൊന്‍കുന്ന് പ്രദേശത്താണെന്നാണ് പൊതുവെ പറയപ്പെടുന്നത്. പക്ഷികള്‍ക്കുപുറമേ കാട്ടുപന്നി, കുറുക്കന്‍, കാട്ടുപൂച്ച, കീരി, വെരുക്, അണ്ണാന്‍, എലികള്‍, പാമ്പുകള്‍, മുയല്‍ തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം. ചിത്രശലഭങ്ങള്‍, നിശാശലഭങ്ങള്‍, മറ്റ് കീടങ്ങള്‍ തുടങ്ങിയവയും ധാരാളമായി കാണപ്പെടുന്നു.

ഏറ്റവും ഉയര്‍ന്ന പ്രദേശത്തുപോലും ജലസ്രോതസ്സുകളുണ്ടെന്നതാണ് പൊന്‍കുന്ന് മലയുടെ പ്രധാന സവിശേഷതകളിലൊന്ന്. ഇവിടെനിന്ന് ഉദ്ഭവിക്കുന്ന നീര്‍ച്ചാലുകളാണ് കാക്കൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ പഞ്ചായത്തുകളിലെ നീര്‍ത്തടങ്ങളെ ജലസമ്പുഷ്ടമാക്കുന്നത്. കടുത്ത വേനലില്‍ പോലും ഉറവ വറ്റാറില്ല എന്നതാണ് ഇവയുടെ സവിശേഷത. കുന്നിന്റെ താഴ് വരയിലെ വീടുകളിലേക്ക് ഇവിടെനിന്നും പൈപ്പിട്ടാണ് വെള്ളമെത്തിക്കുന്നത്. ഇവിടെനിന്നും ഉത്ഭവിക്കുന്ന തീര്‍ഥങ്കര നീരുറവ കാക്കൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്ന പ്രധാന ജലസ്രോതസ്സാണ്.

നാട്ടിന്‍പുറങ്ങളില്‍ നിന്ന് പച്ചമരുന്നുകള്‍ നാമാവശേഷമായി കൊണ്ടിരിക്കുമ്പോഴും പൊന്‍കുന്നിലെ ഔഷധസസ്യങ്ങള്‍ നാടിന്റെ സമ്പത്താണ്. കണ്ണാന്തളി, ചക്കരക്കൊല്ലി, തെച്ചി, പെരിങ്ങലം എന്നിവ ഇവിടെ സുലഭമാണ്. കൂടാതെ പുല്ലാഞ്ഞി, ഒടുമരം, ആലോം തുടങ്ങിയ വിവിധങ്ങളായ മരങ്ങളും ഈ മലമുകളിലുണ്ട്. പൊന്‍കുന്നിന്റെ സമീപപ്രദേശങ്ങളും വൃക്ഷനിബിഡമാണ്. കുന്നിന്റെ കിഴക്കുചെരിവില്‍ കശുവണ്ടിത്തോട്ടവും വടക്കുചെരിവില്‍ അക്കേഷ്യ, മാഞ്ചിയം തോട്ടങ്ങളുമുണ്ട്.

എങ്ങനെ എത്തിച്ചേരാം

കോഴിക്കോട്-ബാലുശ്ശേരി പാതയ്ക്കിടയിലെ കാക്കൂര്‍ പതിനൊന്നേ നാലില്‍ നിന്നാണ് പൊന്‍കുന്ന് മലയിലേക്കുള്ള വഴി. ഇവിടെനിന്ന് സംസ്‌കൃതം കോളേജ് റോഡിലൂടെ ഒന്നരക്കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പൊന്‍കുന്നിലെത്താം. ഇതില്‍ പകുതി ഭാഗത്തോളം വാഹന ഗതാഗതം സാധ്യമാണ്. ബാക്കിയുള്ള ദൂരം നടന്നു പോവണം.