ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണില്‍ ഇളവ്; കേരളത്തിനോട് വിശദീകരണം തേടി സുപ്രീം കോടതി
ന്യൂഡൽഹി: ബക്രീദിന് ലോക്ഡൗൺ ഇളവുകൾ നൽകിയതിനെ സംബന്ധിച്ച് ഇന്ന് തന്നെ വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി കേരളത്തോട് നിർദേശിച്ചു. ബക്രീദ് പ്രമാണിച്ച് വലിയ തോതിൽ ഇളവുകൾ അനുവദിച്ചിട്ടില്ല എന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജീവിക്കാൻ ഉള്ള അവകാശം സംബന്ധിച്ച തങ്ങളുടെ മുൻ ഉത്തരവ് എല്ലാ അധികാരികളും ഓർക്കണം എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
ബക്രീദിന് മൂന്ന് ദിവസത്തെ ലോക്ഡൌൺ ഇളവുകൾ അനുവദിച്ച കേരള സർക്കാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മലയാളി പികെഡി നമ്പ്യാർ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. .2 ശതമാനം ടി പിആർ ഉള്ള ഉത്തർപ്രദേശിൽ കാവടി യാത്ര സുപ്രീം കോടതി തടഞ്ഞതായി നമ്പ്യാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വികാസ് സിംഗ് കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തിൽ ടിപിആർ 10 ശതമാനത്തിൽ അധികം ആണ്. രാജ്യത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് കേസ്സുകൾ ഉണ്ടായിട്ടും ബക്രീദിനായി മൂന്ന് ദിവസം ഇളവുകൾ കേരളം അനുവദിച്ചിരിക്കുകയാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശ് കോടതിയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നേരത്തെ തന്നെ കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. നിലവിൽ ചില മേഖലകലകളിൽ കൂടി കടകൾ തുറക്കാൻ അനുവദിച്ചു എന്നെ ഉള്ളു. കേന്ദ്ര സർക്കാർ നൽകിയ ലോക്‌ഡോൺ ഇളവുകൾ കൃത്യമായി സംസ്ഥാന സർക്കാർ പാലിക്കുന്നതായും സംസ്ഥാന സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.
തുടർന്നാണ് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചത്. നാളെ ഒന്നാമത്തെ കേസായി കേരളത്തിലെ ലോക് ഡൗൺ ഇളവുകൾക്ക് എതിരായ അപേക്ഷ പരിഗണിക്കുമെന്നും ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കാവടി യാത്ര റദ്ദാക്കിയ തീരുമാനം ഉത്തർപ്രദേശ് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയങ്ങളിൽ ശക്തമായ ഇടപെടൽ ഉണ്ടാകും എന്നും കോടതി വ്യക്തമാക്കി.