ഫാഷൻ ഗോൾഡ് തട്ടിപ്പ്; കൊയിലാണ്ടി സ്വദേശി അഷറഫിനെ ഇഡി ചോദ്യം ചെയ്യുന്നു


കോഴിക്കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ ഡയരക്ടർ അഷ്റഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കൊയിലാണ്ടി സ്വദേശിയാണ് അഷ്റഫ്. കോഴിക്കോട് വെച്ചാണ് ചോദ്യം ചെയ്യുന്നത്.

നിക്ഷേപം സ്വീകരിക്കുന്നതിന് വ്യക്തമായ നിയമങ്ങള്‍ നാട്ടില്‍ നിലനില്‍ക്കുന്നതിനിടെ അതിനെയെല്ലാം നോക്കുകുത്തിയാക്കി നടന്ന ജ്വല്ലറി തട്ടിപ്പാണ് ഫാഷൻ ഗോൾഡ് കേസ്. മുസ്ലീം ലീഗ് എംഎൽഎയായ എം.സി കമറുദ്ദീൻ പ്രതിയായ തട്ടിപ്പ് കേസ് എന്ന നിലയിലാണ് ഫാഷൻ ജ്വല്ലറി തട്ടിപ്പ് രാഷ്ട്രീയ കേരളത്തിലെ സജീവ ചർച്ചാ വിഷയമായത്.

നൂറു കണക്കിന് ആളുകളിൽ നിന്നും ലക്ഷക്കണക്കിനു രൂപയും സ്വർണവും നിക്ഷേപമായി വാങ്ങുകയും തിരികെ നൽകാതെ വിശ്വാസ വഞ്ചന കാട്ടിയെന്നുമാണ് എംഎൽഎയ്ക്ക് എതിരെയുള്ള പരാതി. എം.സി കമറുദ്ദീനും മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾക്കും എതിരെയാണ് പരാതികൾ ഉയർന്നത്. സ്വർണ നിക്ഷേപത്തിന്റെ പേരിൽ 15 കോടി രൂപയുടെ തട്ടിപ്പാണ് കമറുദ്ദീൻ നടത്തിയത്. സംഭവത്തിൽ 115 വഞ്ചനാ കേസുകൾ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സെപ്തംബറിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.

കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവർ ലക്ഷക്കണക്കിന് രൂപയാണ് ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചത്. രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ഉന്നതരായ നേതാക്കളുടെ സ്ഥാപനമായതിനാൽ നിരവധിയാളുകളാണ് വിശ്വാസ്യതയുടെ പേരിൽ നിക്ഷേപത്തിന് തയ്യാറായത്. എന്നാൽ തങ്ങൾ വഞ്ചിതരായെന്ന് ഇവർ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും സമയം വൈകിയിരുന്നു.

ജ്വല്ലറിയുടെ മുഴുവൻ ശാഖകൾക്കും പൂട്ട് വീണതോടെയാണ് നിക്ഷേപകർക്ക് സംശയം തോന്നിയത്. പണം തിരിച്ചുകിട്ടാതായെങ്കിലും ആദ്യഘട്ടങ്ങളിൽ ഇവർ ആരും തന്നെ പരസ്യപ്രതികരണത്തിനോ പരാതി നൽകാനോ തയ്യാറായില്ല. എന്നാൽ, കാസർഗോഡിലെ ജ്വല്ലറിയുടെ ശാഖകൾ പൂട്ടിയതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് പോലീസിന് മുന്നിൽ നിരവധി പരാതികളെത്തി. ഒത്തുതീർപ്പിനായി പല രീതിയിലുള്ള ശ്രമങ്ങൾ നടന്നെങ്കിലും നഷ്ടമായ പണം എപ്പോൾ തിരികെ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തത വരാത്തതിനാൽ അതൊന്നും ഫലം കണ്ടില്ല.

2006ലാണ് ചന്തേര ആസ്ഥാനമാക്കി ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ രൂപീ‌കരിച്ചത്. തുടർന്ന് 2008ൽ ഒമർ ഫാഷൻ ഗോൾഡ്, 2009ൽ നുജൂം ഗോൾഡ്, 2012ൽ ഫാഷൻ ഓർണമെന്റ്സ് എന്നീ സ്ഥാപനങ്ങൾ കൂടി രജിസ്റ്റർ ചെയ്തു. ഈ നാല് കമ്പനികളും ഒന്നാണെന്നാണ് അന്ന് നിക്ഷേപകരോട് പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച് ഏകദേശം 750ഓളം ആളുകളാണ് പണം നിക്ഷേപിച്ചത്.

ബിസിനസ് പൊട്ടിയതാണ് തുക മടക്കി നൽകാൻ സാധിക്കാതിരുന്നതെന്നാണ് ബന്ധപ്പെട്ടയാളുകൾ നൽകുന്ന വിശദീകരണം. ജ്വല്ലറികൾക്കു പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കാൻ റിസർവ് ബാങ്ക് അനുമതിയില്ലെന്നിരിക്കെയാണ് സ്വർണക്കടയുടെ പേരിൽ ഒട്ടേറെപ്പേരിൽ നിന്നും ഫാഷൻ ഗോൾഡ് നിക്ഷേപം സ്വീകരിച്ചത്.

ഓരോ വർഷവും വിറ്റുവരവ്, ആസ്തി, പുതിയ നിക്ഷേപകരുടെ പേരു വിവരങ്ങൾ എന്നിവ ആർഒസിക്ക് സമർപ്പിക്കണം എന്നാണെങ്കിലും 2017 മുതൽ ഇതൊന്നും ചെയ്തിട്ടില്ല. 3 വർഷം മുൻപു തന്നെ സ്ഥാപനം കടക്കെണിയിലായിരുന്നു എന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. നിക്ഷേപകർ അറിയാതെ കമ്പനിയുടെ ആസ്തികൾ മറിച്ചു വിറ്റതായും ആരോപണമുയർന്നിരുന്നു.