പ്രചാരണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കും; ജില്ലാകളക്ടർ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ പ്രചാരണപരിപാടികളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. സാംബശിവ റാവു നിർദേശിച്ചു. കളക്ടറുടെ ചേംബറിൽ നടന്ന രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് റാലികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കണം. റോഡ് ഷോയിൽ ഒരേ സമയം അഞ്ച് വാഹനങ്ങൾ മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളു. കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ സ്ഥലപരിമിതിക്കനുസരിച്ച് സംഘടിപ്പിക്കണം.
അധികൃതർ അനുവദിച്ചുതന്നിട്ടുള്ള ഇടങ്ങളിൽ മാത്രമേ യോഗങ്ങൾ നടത്താവൂ. ആവശ്യമെങ്കിൽ ഇതിനായി കൂടുതൽ സ്ഥലങ്ങൾക്ക് അനുമതി നൽകും. യോഗകേന്ദ്രങ്ങളിൽ ഇരിപ്പിടങ്ങൾ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം. മാസ്ക്, സാനിറ്റൈസർ, തെർമൽ സ്കാനിങ് എന്നിവ നിർബന്ധമായും ഏർപ്പെടുത്തണം.
മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കും. അനുമതിയില്ലാതെ പൊതുയോഗങ്ങൾ സംഘടിപ്പിക്കരുത്. അനുമതിയില്ലാത്ത യോഗങ്ങൾക്കെതിരേ പോലീസ് നടപടി സ്വീകരിക്കും.
റോഡുകളിലുള്ള പൊതു യോഗങ്ങൾ ഒഴിവാക്കണം. പൊതുസ്ഥലങ്ങളും പൊതുമുതലുകളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പ്രശ്നസാധ്യതയുള്ള വിഷയങ്ങൾ സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്തരുത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം.
റൂറൽ എസ്.പി. ഡോ.എ. ശ്രീനിവാസ്, സിറ്റി പോലീസ് കമ്മിഷണർ എ.വി. ജോർജ്, ഡി.സി.പി. ഹേമലത, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.അജീഷ്, സീനിയർ ഫിനാൻസ് ഓഫീസർ കെ.പി.മനോജൻ തുടങ്ങിയവർ പങ്കെടുത്തു.