പൊയില്‍ക്കാവില്‍ സി.പി.എം – ബി.ജെ.പി സംഘര്‍ഷം; പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കൊയിലാണ്ടി: പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ പൊയില്‍ക്കാവില്‍ സിപിഎം – ബിജെപി സംഘര്‍ഷം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ ചാത്തനാട്ട് ആണ് സംഭവം. ബി.ജെ.പിയുടെ പ്രചരണ വാഹനത്തിലെ കൊടി തട്ടി ഒരു വീട്ടിലേക്കുള്ള നെറ്റ്വര്‍ക്ക് കേബിള്‍ അറ്റതാണ് സംഘര്‍ഷത്തിന് കാരണമായത്. കേബിള്‍ നന്നാക്കി നല്‍കണം എന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ എത്തി. ഈ സമയം ഇതുവഴി ബി.ജെ.പിയുടെ കാല്‍നട പ്രചരണ ജാഥയും വരുന്നുണ്ടായിരുന്നു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.
ഇരു പാര്‍ട്ടിയിലേയും പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റതായി ദൃസാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ സി.പി.എം. പ്രവര്‍ത്തകന്‍ പ്രജീഷ് (24)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയരാജന്‍ തുവ്വയില്‍, പ്രവര്‍ത്തകരായ പാറക്കല്‍ താഴ രാജേഷ്, തെക്കെ പുരയില്‍ ഉഷ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട് എന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകന്‍ പ്രജീഷിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്ഥലത്ത് കൊയിലാണ്ടി പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
ഡിവൈഎഫ്‌ഐയുടെ മേഖലാ ജോയിന്റ് സെക്രട്ടറിയും ചേലിയയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കെ.കെ ഗംഗാധരന്റെ മകനുമാണ് പ്രജീഷ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊയില്‍ക്കാവില്‍ പ്രകടനം നടത്തി. സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും പരിക്കില്ല എന്നും കേസ് കൊടുക്കാന്‍ വേണ്ടി കള്ള ആരോപണം ഉന്നയിക്കുകയാണ് എന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.
ബി.ജെ.പി പദയാത്രയ്ക്ക് നേരെ സി.പി.എം ആക്രമം നടത്തുകയായിരുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീശന്‍, ജനറല്‍ സെക്രട്ടറി ദാസന്‍ ചാത്തോത്ത് എന്നിവര്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ബിജെപിയുടെ ജാഥയില്‍ പങ്കെടുത്തവര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ച വിടുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങല്‍ ഒറ്റക്കെട്ടായി അണഇനിരക്കണം എന്നും സിപിഎം നേതാക്കളായ അനില്‍ പറമ്പത്ത്, വികാസ് കെ.എസ്, രതീഷ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇടതു മുന്നണിക്കായി സി.പി.എം നേതാവ് ബേബി സുന്ദര്‍ രാജ് ആണ് ഈ വാര്‍ഡില്‍ മത്സരിക്കുന്നത്.