പേരാമ്പ്രയിൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കി മുസ്ലിം ലീഗ്; പ്രാദേശിക നേതൃത്വത്തിന് കടുത്ത എതിർപ്പ്


പേരാമ്പ്ര: പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പിനെ മറികടന്ന് പേരാമ്പ്ര നിയോജകമണ്ഡലത്തിൽ പ്രവാസി വ്യവസായി സി.എച്ച്. ഇബ്രാഹിംകുട്ടിയെ തന്നെ സ്ഥാനാർഥിയാക്കി മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം. യുഡിഎഫ്. മുസ്‌ലിം ലീഗിനായി നൽകിയ സീറ്റിൽ യുഡിഎഫ് സ്വതന്ത്രനായാണ് സിഎച്ച്.ഇബ്രാഹിംകുട്ടി മത്സരിക്കുക.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഇബ്രാഹിംകുട്ടിയെ സ്ഥാനാർഥിയാക്കുന്നതിന് മുസ്‌ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റി യോഗം ചേർന്ന് നേരത്തേ എതിർപ്പറിയിച്ചിരുന്നു. സജീവ പാർട്ടി നേതാക്കളെ മത്സരിപ്പിക്കണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.

പിന്നാലെ മണ്ഡലം, പഞ്ചായത്ത്, ജില്ലാനേതാക്കളും യൂത്ത് ലീഗ് ഭാരവാഹികളും പാണക്കാട്ടെത്തി സംസ്ഥാന പ്രസിഡന്റിനെക്കണ്ട് കമ്മിറ്റിയുടെ വികാരവും അറിയിച്ചു. വീണ്ടും പലവട്ടം ചർച്ചകൾ നടന്നെങ്കിലും സംസ്ഥാനനേതൃത്വം ഇബ്രാഹിംകുട്ടിയെ സ്ഥാനാർഥിയാക്കുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

ഇതോടെ മുസ്‌ലിംലീഗ് സ്ഥാനാർഥിയാക്കാതെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്ന് അഭിപ്രായം മണ്ഡലം നേതാക്കൾ അവസാനമായി മുന്നോട്ടുവെച്ചു. ഇതംഗീകരിച്ചാണ് യു.ഡി.എഫ്. സ്വതന്ത്രനായി പ്രഖ്യാപനമുണ്ടായത്. തീരുമാനത്തിനെതിരേ സേവ് യുഡിഎഫ് എന്ന പേരിൽ പേരാമ്പ്ര ബസ്‌സ്റ്റാൻഡിന് സമീപഭാഗങ്ങളിൽ പോസ്റ്ററുകളും ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വർഷങ്ങളായി യുഡിഎഫിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച സീറ്റ് ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ മുന്നണി മാറിയ സാഹചര്യത്തിൽ ഇത്തവണ മുസ്‌ലിംലീഗിന് നൽകുകയായിരുന്നു. മുസ്‌ലിംലീഗ് പേരാമ്പ്ര നിയോജകമണ്ഡലം നേതൃത്വം മുൻ പിഎസ്സി അംഗം ടി.ടി.ഇസ്മായിലടക്കം നാലുപേരുകൾ മുന്നോട്ടുവെച്ചിരുന്നുവെങ്കിലും തീരുമാനമെടുക്കുന്ന വേളയിൽ സംസ്ഥാന നേതൃത്വം ഇബ്രാഹിംകുട്ടിയുടെ പേര് മാത്രമാണ് നിർദേശിച്ചത്.