പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ വിജയിച്ചു
പേരാമ്പ്ര: പേരാമ്പ്രയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന്‍ വിജയിച്ചു. കേരളത്തില്‍ പുറത്തു വരുന്ന ആദ്യ ഫലമാണിത്.
കോഴിക്കോട് ജില്ലയില്‍ ഇടതുമുന്നണിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് പേരാമ്പ്ര മണ്ഡലം. 1957 ല്‍ തുടങ്ങുന്ന മണ്ഡല ചരിത്രം പരിശോധിക്കുമ്പോള്‍ മണ്ഡലത്തിലെ ഇടത് സ്വാധീനം വളരെ വ്യക്തമാണ്. ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കുമാരന്‍ മഠത്തിലായിരുന്നു വിജയിച്ചത്. പിന്നീട് ഇതുവരെ നടന്ന 13 തിരഞ്ഞെടുപ്പുകളില്‍ പത്ത് തവണയും മണ്ഡലത്തില്‍ വിജയിച്ചത് സിപിഎം ആണ്.
1960 തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പിഎസ്പിയാണ് വിജയിച്ചതെങ്കിലും 1967 ലെ തിരഞ്ഞെടുപ്പില്‍ വിവി ദക്ഷിണമൂര്‍ത്തിയിലൂടെ സിപിഎം മണ്ഡലം തിരിച്ച് പിടിച്ചു. 1970 ലെ തിരഞ്ഞെടുപ്പില്‍ കെജി അടിയോടിയിലൂടെ മണ്ഡലത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വിജയിച്ചു. പേരാമ്പ്രയിലെ കോണ്‍ഗ്രസിന്റെ ആദ്യത്തേയും അവസാനത്തേയും വിജയമായിരുന്നു അത്.
1977 മുതല്‍ യുഡിഎഫില്‍ കേരള കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. 1977 ലെ തിരഞ്ഞെടുപ്പില്‍ കെസി ജോസഫിലൂടെ സീറ്റ് പിടിച്ചെടുത്ത് കേരള കോണ്‍ഗ്രസ് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. എന്നാല്‍ അതിന് ശേഷം ഇന്നുവരെ മണ്ഡലത്തില്‍ വിജയിക്കാന്‍ കേരള കോണ്‍ഗ്രസിനോ യുഡിഎഫിനോ സാധിച്ചില്ല. തുടര്‍ച്ചയായ 9 തവണയും പരാജയം.