പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; കൊയിലാണ്ടി ട്രഷറിയിലെ സാങ്കേതിക തകരാറ് പരിഹരിച്ച് പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറി ഓഫീസില്‍ പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചു. സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് രണ്ട് ദിവസമായി ഇവിടെ പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. പെന്‍ഷന്‍കാരും നിക്ഷേപകരും ഇതുകാരണം പ്രയാസത്തിലായിരുന്നു. എന്നാല്‍ തകരാറുകള്‍ പരിഹരിച്ച് ഇന്ന് രാവിലെ മുതല്‍ ട്രഷറി പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് കൊയിലാണ്ടി സബ് ട്രഷറി ഓഫീസര്‍ അബ്ദുള്‍ റഷീദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കെല്‍ട്രോണിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് തകരാറുകള്‍ പരിഹരിച്ചത്. റൗട്ടര്‍ തകരാറായതാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ വിതരണം ചെയ്യുകയെന്ന് ഓഫീസര്‍ വ്യക്തമാക്കി.