പുലപ്രക്കുന്ന് കോളനിയിൽ വികസനത്തിന്റെ വെളിച്ചം
മേപ്പയ്യൂർ: പുലപ്രക്കുന്ന് സാംബവക്കോളനി വികസനവഴിയിലാണിപ്പോൾ. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ഈ കോളനിയുടെ ശോച്യാവസ്ഥ നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ജില്ലകളക്ടറും ജനപ്രതിനിധികളും ഇടപെട്ടാണ് സത്വരനടപടികളുണ്ടായത്.
നിലവിൽ ഒമ്പത് പുത്തൻവീടുകളാണ് പഞ്ചായത്തിന്റെയും അനുബന്ധവകുപ്പുകളുടെയും ശ്രമഫലമായി ഇവിടെയുയർന്നത്. യു.എൽ.സി.സി.ക്കായിരുന്നു നിർമാണക്കരാർ. മിക്കതിലും താമസക്കാരായി. സൗകര്യങ്ങളുള്ള വീടുകളുടെ സുരക്ഷിതത്വത്തെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ കോളനിവാസികൾ ഹൃദയത്തിൽ സ്വീകരിച്ചുകഴിഞ്ഞു.
ജില്ലാ പട്ടികജാതിക്ഷേമവകുപ്പിന്റെയും, പഞ്ചായത്തിന്റെയും, മന്ത്രി ടി.പി.രാമകൃഷ്ണന്‍റെയും ഇടപെടൽമൂലം ലഭിച്ച അടച്ചുറപ്പുള്ള വീടുകളിലിരുന്ന് ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കുകയാണിവർ.
നാലുസെന്റ്‌വീതം ഭൂമി സ്വന്തമായി പതിച്ചുകിട്ടുകയും പട്ടയംലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഓരോ കുടുംബത്തിനും വെവ്വേറെ പൈപ്പ് കണക്‌ഷനും ആധുനികസൗകര്യമുള്ള ശ്മശാനവും തെരുവുവിളക്കും കോളനിക്കാരുടെ ഇനിയുള്ള ആവശ്യങ്ങളുടെ പട്ടികയിൽ ചിലതാണ്. തുടർന്നും അധികൃതരുടെ ശ്രദ്ധയും ഇടപെടലും ഉണ്ടാവുമെന്ന ശുഭ പ്രതീക്ഷയിലാണ് ഇവിടുത്തുകാർ.