പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; ഇന്ന് ലോകസഭാംഗത്വം രാജിവച്ചേയ്ക്കും


ന്യൂഡല്‍ഹി: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് ലോകസഭാംഗത്വം രാജിവച്ചേയ്ക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. ലോക്സഭാംഗത്വം രാജിവെക്കുന്നതിന് മുന്നോടിയായി ഡല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച പാണക്കാടെത്തി ഹൈദരലി തങ്ങളെ കണ്ട ശേഷം അദ്ദേഹം ഡല്‍ഹിക്ക് മടങ്ങി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ കുഞ്ഞാലിക്കുട്ടി ലോകസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ രാജി വെക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പും നടത്തുക എന്ന ലക്ഷ്യത്തോടെ രാജി മാറ്റിവെക്കുകയായിരുന്നു.

കഴിഞ്ഞ മാസം ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തിലാണ് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്നും നിയമസഭയിലേക്ക് മത്സരിക്കണമെന്നുമുള്ള അഭിപ്രായം ഉയര്‍ന്നത്. അദ്ദേഹം എംപി സ്ഥാനം ഒഴിയുമെന്ന കാര്യം ലീഗ് നേതാവ് കെ.പി എ മജീദ് തന്നെ യോഗത്തിന് ശേഷം അറിയിക്കുകയുണ്ടായി. നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഗിനെ നയിക്കുക കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും. ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തേക്ക് യുവനേതാക്കളെ പരിഗണിക്കുമെന്നാണ് അവകാശവാദം. യുഡിഎഫ് ഘടകക്ഷികള്‍ക്കിടയിലെ സ്വീകാര്യതയും സ്വാധീനവും പരിഗണിച്ചാണ് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതെന്നാണ് വിശദീകരണം. 2019ല്‍ കേന്ദ്രമന്ത്രിപദം പ്രതീക്ഷിച്ചാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് മല്‍സരിച്ചത്. എന്നാല്‍ യുപിഎ വന്‍ പരാജയമാണ് ദേശീയതലത്തില്‍ ഏറ്റുവാങ്ങിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടി നല്‍കിയതോടെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് വ്യക്തമായിരുന്നു.

പാതിവഴിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം ഒഴിയുന്നത് സിപിഎമ്മിന്റേയും ബിജെപിയുടേയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയതോടെ ഇതില്‍ പുനരാലോചന ഉണ്ടായേക്കുമെന്ന സൂചനകളും വന്നിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്ത് സജീവമാകണമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ അഭിപ്രായമാണ് രാജി തീരുമാനത്തിലേക്ക് നയിച്ചത്.

എം.പി സ്ഥാനം ഒഴിയുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമോ എന്ന ആശങ്ക യുഡിഎഫ് കേന്ദ്രങ്ങള്‍ക്കുണ്ട്. കൂടാതെ സിപിഎമ്മും ബിജെപിയും ഇത് രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്തുമെന്ന കാര്യമുറപ്പാണ് ഉറപ്പ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക