പാവപ്പെട്ടവരുടെ അന്നം മുടക്കരുത്, രമേശ് ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി



കൊച്ചി: ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സങ്കുചിത മനസിന് ഉടമയായതുകൊണ്ടാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചെന്നിത്തല ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

‘ പ്രതിപക്ഷ നേതാവ് കേന്ദ്ര സര്‍ക്കാരിന്റെ വക്താവായി മാറി. ഭക്ഷണവും പെന്‍ഷനും മുടക്കുന്ന കേന്ദ്രത്തിന്റെ വക്താവായി മാറുന്ന അവസ്ഥയാണുള്ളത്. കിഫ്ബിയേയും, ലൈഫ് പദ്ധതികളെയും അട്ടിമറിക്കുന്നു. മണ്ഡലങ്ങളില്‍ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളില്‍ യുഡിഎഫ് എംഎല്‍എമാര്‍ സ്വന്തം നേട്ടമായി പറയുന്നു ‘ മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യക്കിറ്റ് സര്‍ക്കാര്‍ വിതരണം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല. വിഷു, ഈസ്റ്റര്‍ വരുന്നത് തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടുന്ന അവസ്ഥയുണ്ട്. കിറ്റ് വഴി ജനങ്ങള്‍ സ്വാധീനക്കപ്പെടുമെന്ന തോന്നല്‍ ജനങ്ങളെ താഴ്ത്തി കെട്ടുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.