പരാതികൾ വേഗത്തിൽ തീർപ്പാകും; കൊയിലാണ്ടിയിൽ മന്ത്രിമാരുടെ അദാലത്ത് ഫെബ്രുവരി ഒന്നിന്


കൊയിലാണ്ടി: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനുള്ള സാന്ത്വന സ്പര്‍ശം അദാലത്ത് കൊയിലാണ്ടി താലൂക്കില്‍
ഫെബ്രുവരി ഒന്നിന് നടക്കും. മന്ത്രിമാരായ കെ.ടി ജലീല്‍, ടി. പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.

അദാലത്തുമായി ബന്ധപ്പെട്ട് കലക്ടര്‍ എസ്. സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളിലാണ് അദാലത്ത് നടക്കുക. ഫെബ്രുവരി ഒന്നിന് കൊയിലാണ്ടി താലൂക്ക്, രണ്ടിന് വടകര താലൂക്ക്, നാലിന് കോഴിക്കോട്, താമരശ്ശേരി താലൂക്ക് എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക.

അദാലത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് ജനുവരി 24 മുതല്‍ 28 വരെ അപേക്ഷ സമര്‍പ്പിക്കാം.

പരാതികള്‍ പരിശോധിക്കുന്നതിന് ജില്ലാതലത്തില്‍ അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ നിയോഗിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ഈ ടീമില്‍ ഉണ്ടാവുക. ഓണ്‍ലൈനില്‍ അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായ അപേക്ഷകള്‍ തരംതിരിക്കും.

പരാതിക്കാര്‍ക്ക് അദാലത്തില്‍ നേരിട്ട് മറുപടി ശേഖരിക്കാവുന്ന നിലയില്‍ പരാതികള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശമാണ് നല്‍കിയത്. പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണം. പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്‌നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ. ഡി. എം രോഷ്നി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, താഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക