പക്ഷിപ്പനി സംശയം: കൂരാച്ചുണ്ട്, ചക്കിട്ടപാറ, കായണ്ണ, പേരാമ്പ്ര, ചങ്ങരോത്ത് ഉള്‍പ്പെടെ 11 പഞ്ചായത്തുകള്‍ക്ക് ജാഗ്രത നിര്‍ദേശം


പേരാമ്പ്ര : കൂരാച്ചുണ്ടിൽ കോഴികൾക്ക് പക്ഷിപ്പനി സംശയത്തെത്തുടർന്ന് പത്ത് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി മുൻകരുതൽ നടപടികൾ കർശനമാക്കി. കൂരാച്ചുണ്ടിലും സമീപത്തെ പത്ത് പഞ്ചായത്തുകളിലുമാണ് കളക്ടർ ജാഗ്രതാമേഖലയായി പ്രഖ്യാപിച്ചത്. കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ കോഴിക്കടകളും ഫാമുകളും അന്തിമപരിശോധനാഫലം വരുന്നതുവരെ അടപ്പിച്ചിട്ടുണ്ട്. കാളങ്ങാലിയിൽ കോഴികൾചത്ത ഫാം കഴിഞ്ഞദിവസംതന്നെ അടച്ചിരുന്നു.

മൃഗസംരക്ഷണവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിച്ചുവരുകയാണ്. കോഴികളിൽനിന്ന് ശേഖരിച്ച സാംപിൾ ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലബോറട്ടറിയിലേക്ക് തുടർ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം ഉടൻ വരും.

ഡെപ്യൂട്ടി ഡി.എം.ഒ. പിയൂഷ്.എം. നമ്പൂതിരിപ്പാട് സ്ഥലം സന്ദർശിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചക്കിട്ടപാറ, കായണ്ണ, കൂത്താളി, ചങ്ങരോത്ത്, പേരാമ്പ്ര, നൊച്ചാട്, നടുവണ്ണൂർ, കോട്ടൂർ, പനങ്ങാട്, കട്ടിപ്പാറ എന്നിവയാണ് ജാഗ്രതാനിർദേശം നൽകിയ സമീപപഞ്ചായത്തുകൾ. ചക്കിട്ടപാറ പഞ്ചായത്തിന്റെ അതിർത്തിക്ക് സമീപത്താണ് കോഴികൾചത്ത ഫാം. ഒട്ടേറെ കോഴിഫാമുകൾ പ്രവർത്തിക്കുന്ന മേഖലകൂടിയാണിത്.

കൂരാച്ചുണ്ട് പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട കാളങ്ങാലിയിലെ കോഴിഫാമിൽ ഏതാനും ദിവസങ്ങളിലായി കോഴികൾ കൂട്ടത്തോടെചത്ത സാഹചര്യത്തിലാണ് സാംപിളുകൾ വിദഗ്‌ധ പരിശോധനയ്ക്കായി ഭോപാലിലെ സർക്കാർ ലാബിലേക്ക് അയച്ചത്. നേരത്തേ തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക്സ് ലബോറട്ടറിയിലും തിരുവനന്തപുരത്തെ സി.ഡി.ഐ.ഒ. ലാബിലും സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ തിരുവല്ലയിലെ ഒരു സാംപിളിൽ നേരിയ പോസിറ്റീവെന്ന റിസൾട്ടാണ് ലഭിച്ചത്.

കോഴിഫാമിൽ ഗ്രാമശ്രീ, ബി.വി. 380 ഇനത്തിൽപ്പെട്ട കോഴികളാണുള്ളത്. ഇതിൽ ബി.വി. 380 ഇനത്തിൽപ്പെട്ട 330-ഓളം കോഴികൾ ഇതിനകം ചത്തു. ജൂലായ് 17-നാണ് കോഴികൾ ചാകാൻ തുടങ്ങിയതെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. അടുത്തദിവസങ്ങളിൽ കൂട്ടത്തോടെ ചാകാൻ തുടങ്ങി. 20-ന് മൃഗസംരക്ഷണവകുപ്പിലെ ജില്ലാ ജന്തുരോഗ നിവാരണകേന്ദ്രം ജില്ലാ കോ-ഓർഡിനേറ്റർ ഡോ. കെ.കെ. ബേബി, എപ്പിഡോമോളജിസ്റ്റ് ഡോ. നിഷ എബ്രഹാം, ഡോ. വി. ഭാഗ്യശ്രീ എന്നിവരടങ്ങുന്നസംഘം ഫാമിലെത്തി സാംപിളുകൾ ശേഖരിച്ചു.

നേരിയ പോസിറ്റീവാണൈന്ന ആദ്യ പരിശോധനാഫലം ലഭിച്ച ഉടനെ 21-ന് ജില്ലാ കളക്ടർ പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടുന്ന അടിയന്തര ഓൺലൈൻ യോഗം വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ നിയമപ്രകാരം 10 പഞ്ചായത്തുകളിൽ ജാഗ്രതാനിർദേശം നൽകിയത്.

ഭോപാലിലെ ലാബിലെ പരിശോധനാഫലത്തിന് കാത്തിരിക്കുകയാണെന്നും അതിനുശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മൃഗസംരക്ഷണവകുപ്പ് ജില്ലാ ഓഫീസർ ഡോ. കെ. രമാദേവി അറിയിച്ചു.