നിറഞ്ഞ ചിരിയുമായി പോകുമ്പോള്‍ തിരികെ വരുമെന്ന ഉറപ്പ് നല്‍കിയിരുന്നു; അവന്റെ സ്വപ്‌നമായിരുന്ന പണി തീരാത്ത വീടിന്ന് അനാഥമാണ്, വിഷ്ണുവിനെ ഓര്‍ത്ത് പ്രിയപ്പെട്ടവര്‍


കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മരണമടഞ്ഞ കൊരയങ്ങാട് തെരുവിലെ കിണറ്റിന്‍കര വിഷ്ണുവിന് ജന്മനാട് കണ്ണീരോടെ യാത്രാമൊഴി നല്‍കി. പ്ലസ്ടു വിന് ശേഷം 2012 ലാണ് ജോലിയില്‍ പ്രവേശിച്ചത്. കല്‍ക്കൊത്ത ഭരത്എപൂര്‍ എയര്‍ ഫോഴ്‌സില്‍ സെക്ഷന്‍ 46 ഡബ്ല്യൂ.ഇ.യു.എം.ഇ.ഡി 201എ.ടി.സി.യിലായിരുന്നു ജോലി.

അച്ഛനും അമ്മയും മരിച്ചതോടെ ബന്ധുക്കളുടെ സ്നേഹതണലിലാണ് വിഷ്ണു വളര്‍ന്നത്. വിഷ്ണുവിന്റെ വിയോഗം ശ്യാംകുമാര്‍, ശ്യാമ എന്നീ സഹോദരങ്ങള്‍ക്ക് തീരാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. മുരാട് ഇരിങ്ങല്‍ അമ്മയുടെ അനുജത്തിയുടെ വീടിന് സമീപത്ത് വീടെന്ന സ്വപ്നത്തിന് തറക്കല്ലിട്ടു. ആ സ്വപ്നം പൂര്‍ത്തിയാക്കാനാകാതെ വിഷ്ണു ലോകത്തോട് വിട പറഞ്ഞു. ഏതാനും മാസം മുമ്പ് സഹോദരി ശ്യാമയുടെ വിവാഹത്തിന് നാട്ടില്‍ എത്തി പങ്കെടുത്ത് മടങ്ങിയതാണ്.

തിരിച്ചു വരാമെന്ന് പറഞ്ഞ് ജോലിക്ക് പോയ ഏട്ടന്റെ ജീവനില്ലാത്ത ശരീരം വ്യാഴാഴ്ച രാത്രി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ പ്രീയപ്പെട്ടവരൊക്കെ പൊട്ടിക്കരഞ്ഞു. വെളിയാഴ്ച രാവിലെയാണ് സംസ്‌കരിച്ചത്. കോയമ്പത്തൂരിലെസുലൂര്‍ സെക്ഷഷനില്‍ നിന്നും എത്തിയ എസ്.കെ.പാണ്ഡയുടെയും സര്‍ജന്റെ രാരി ഷിന്റെയും നേതൃത്വത്തില്‍ എത്തിയ എയര്‍ ഫോഴ്സ് യൂണിറ്റ് ഔദ്യോഗിക ബഹുമതിയായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി. വിവിധ സംഘടനകള്‍ക്ക് വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു.