നിയന്ത്രണം പാലിക്കാന്‍ നിസംഗത കാണിക്കുന്നവര്‍ ശ്രദ്ധിക്കുക, പോലീസ് കര്‍ശന പരിശോധന നടത്തുന്നു, കേസെടുത്താല്‍ പിഴ ഈടാക്കും


കോഴിക്കോട്: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിലോട് സഹകരിച്ച് കോഴിക്കോട് നഗരം. റവന്യൂ, പഞ്ചായത്ത് തുടങ്ങിയ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാണ് ഇന്നലെ ഉദ്യോഗസ്ഥരെത്തിയത്. അവിടങ്ങളില്‍ ഹാജര്‍നില 25 ശതമാനത്തിനോടടുത്തുമാത്രമായിരുന്നു. ബാങ്കുകള്‍ പകല്‍ ഒന്നുവരെ പ്രവര്‍ത്തിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസും നടത്തി. നഗരത്തില്‍ ഡ്രോണുപയോഗിച്ചും പരിശോധിച്ചു.

അതേ സമയം അനാവശ്യമായി നഗരത്തിലെത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമ ലംഘകര്‍ക്കെതിരെ കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസെടുക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം. ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 714 കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടിയതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 64 ഉം റൂറലില്‍ 71ഉം കേസുകളുണ്ട്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നഗരപരിധിയില്‍ 353 ഉം റൂറലില്‍ 226 ഉം കേസുകളെടുത്തു. ഇവരില്‍നിന്ന് പിഴ ഈടാക്കി.