‘നമ്മുടെ കോഴിക്കോട്’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു


കോഴിക്കോട്: ജില്ലയുടെ സ്വപ്ന പദ്ധതിയായ ‘ നമ്മുടെ കോഴിക്കോട്’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സര്‍വതലസ്പര്‍ശിയായ വികസനമാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

വലിയ ജനപങ്കാളിത്തത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരള വികസന മാതൃക ആഗോളതലത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ്. പൊതുവായി നാം നേടിയ നേട്ടത്തില്‍ ചില വിഭാഗങ്ങളില്‍ എത്തിയില്ല എന്ന വിമര്‍ശനമുണ്ടായിരുന്നു. സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗം, മത്സ്യതൊഴിലാളികള്‍ എന്നിവരുടെ പ്രശ്നങ്ങള്‍, വയോജനങ്ങള്‍ ഭിന്നശേഷിക്കാര്‍, ട്രാന്‍സ് ജന്‍ഡര്‍ എന്നിവരുടെ പ്രശ്നങ്ങള്‍ അതിന്റെ ഭാഗമാണ്. പൊതുവായി വികസനത്തില്‍ നിന്നും മാറിപ്പോയവരെ മുന്നോട്ടു കൊണ്ടുവരാനുള്ള പദ്ധതികളാണ് നാം ആവിഷ്‌ക്കരിക്കുന്നത്.

മിഷന്‍ കോഴിക്കോട് എല്ലാ മേഖലയ്ക്കും പ്രാധാന്യം നല്‍കുന്നു. അതിന്റെ തുടര്‍ച്ചയാണ് നമ്മുടെ കോഴിക്കോട് ആപ്ലിക്കേഷന്‍. ഒരുമയും ഐക്യവും സാമൂഹ്യബോധവുമുള്ള നാടാണ് കോഴിക്കോട്. നമ്മുടെ കോഴിക്കോട് പദ്ധതിയെ മികച്ച നിലയില്‍ സ്വീകരിക്കും. ആതിഥ്യമര്യാദയും സല്‍ക്കാര പ്രിയരുമാണ് കോഴിക്കോട്ട്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നമ്മുടെ കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച പരിപാടികളുടെ പ്രവര്‍ത്തനം ലളിതമായും കാലതാമസം കൂടാതെയും സജ്ജമാകുന്ന വിധത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷനും വെബ്പോര്‍ട്ടലും രൂപകല്‍പന ചെയ്തത്. പൗരന്റെ അടിസ്ഥാന ആവശ്യങ്ങള്‍ മുതല്‍ ജില്ലയെ സംബന്ധിക്കുന്ന പ്രധാന വിരങ്ങളെല്ലാം ഇതിലൂടെ ലഭ്യമാകും. പ്ലേ സ്റ്റോര്‍ വഴിയാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കുക. പദ്ധതി ആസൂത്രണം മുതല്‍ നടപ്പാക്കല്‍ വരെയുള്ള ഘട്ടങ്ങളില്‍ മുഴുവന്‍ പൗരന്മാരുടേയും പങ്കാളിത്തം വിവര സാങ്കേതിക വിദ്യയിലൂടെ ഉറപ്പാക്കലാണ് ‘നമ്മുടെ കോഴിക്കോടി’ന്റെ ലക്ഷ്യം.

ആപ്ലിക്കേഷനിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളുടെ വിശദവും വ്യക്തവുമായ വിവരങ്ങള്‍ ഒരുക്കുന്നതടക്കമുള്ള നിരവധി സവിശേഷതകളുമായാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാറിന്റെ ആനുകൂല്യങ്ങളെയും ക്ഷേമപദ്ധതികളെ കുറിച്ചുള്ള സമ്പൂര്‍ണ വിവരവും ലഭ്യമാകും. പരാതികള്‍ കാലതാമസം കൂടാതെ ബന്ധപ്പെട്ട വകുപ്പുകളിലേക്കെത്തിക്കും. പൊതുജന സേവകരുമായി ആവശ്യാനുസരണം കൂടിക്കാഴ്ച്ചക്കായി മുന്‍കൂര്‍ നിശ്ചയിക്കാനും നേരിട്ടോ, വീഡിയോ/ഫോണ്‍കോളിലൂടെയോ സംസാരിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. ജനങ്ങള്‍ക്ക് തങ്ങളുടെ വാര്‍ഡ്്/പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി/കോര്‍പറേഷന്‍/ജില്ലാതലം എന്നിവ കേന്ദ്രീകരിച്ചുള്ള അറിയിപ്പുകള്‍ നല്‍കുന്നു. അടിയന്തിര ഘട്ടങ്ങളില്‍ സംഭവസ്ഥലത്ത് നിന്ന് തന്നെ ഉടന്‍തന്നെ ഫോട്ടോ/വീഡിയോ പകര്‍ത്തി ലൊക്കേഷന്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടലും നടപടിയും ഉറപ്പുവരുത്തുന്നു. മൂന്ന് സെക്കന്റിലേറെ സമയം എ്സ്ഒഎസ് ബട്ടണ്‍ അമര്‍ത്തി അടിയന്തിര സഹായം തേടാനുള്ള സംവിധാനവും ആപ്ലിക്കേഷനിലുണ്ട്.

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആപ്ലിക്കേഷന്‍ ലോഞ്ച് തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും പോര്‍ട്ടല്‍ ലോഞ്ച് മേയര്‍ ഡോ. ബീന ഫിലിപ്പും നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ സാംബശിവറാവു പദ്ധതി വിശദീകരിച്ചു. ആപ് ഫോളിയോ പ്രകാശനം എം കെ മുനീര്‍ എംഎല്‍എയും പോസ്റ്റര്‍ പ്രകാശനം എ പ്രദീപ്കുമാര്‍ എംഎല്‍എയും നിര്‍വഹിച്ചു എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, പി ടി എ റഹിം, ഗാന രചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി , ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്, ഡി .പി .സി ഹേമലത, സബ് കലക്ടര്‍ ജി പ്രിയങ്ക, അസി .കലക്ടര്‍ ശ്രീധന്യ, ഗായിക സിതാര എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല സ്വാഗതവും ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക