നന്തി ടോള്‍ ബൂത്തിന് സമീപത്തെ വാഹനാപകടം: ലോറി തോട്ടിലേക്ക് മറിഞ്ഞത് പശുവിനെ ഇടിച്ച ശേഷം, അപകടത്തില്‍ പശുവിന് ജീവന്‍ നഷ്ടമായി
കൊയിലാണ്ടി: നന്തി മേല്‍പ്പാലം ടോള്‍ബൂത്തിന് സമീപം പ്ലൈ വുഡ് കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത് പശുവിനെ ഇടിച്ചിട്ട ശേഷം. റോഡിനരികില്‍ കെട്ടിയിരുന്ന താഴെ ചെള്ളങ്ങാട്ട് ദാസൻ എന്നയാളുടെ പശുവിനെ ഇടിച്ചിട്ട ശേഷം നിയന്ത്രണം വിട്ട ലോറി രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ച് തകർത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ തോട്ടിലേക്ക് തെറിച്ച് വീണ പശുവിനെ കയറുപയോഗിച്ച് കരക്കെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ഇന്ന് രാവിലെ ആയിരുന്നു അപകടം. ലോറി ഡ്രൈവർ തൃശൂർ സ്വദേശി ജോഷി (44) യെ പരുക്കുകളോടെ കൊയിലാണ്ടി ഗവ.ഹോസ്പിറ്റലിലേക്ക് മാറ്റി. കൊയിലാണ്ടി ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് നാട്ടുകാരുമായി ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിക്കടിയില്‍ ആള്‍ അകപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്ന് ലോറിയിലെ പ്ലൈ വുഡ് മുഴുവന്‍ എടുത്തുമാറ്റി ശേഷം ക്രൈന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി.
സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദന്‍ സി.പിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.കെ ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സിധീഷ്, ശ്രീകാന്ത്.കെ, ഹരീഷ് എം.എസ്, ഷിജു ടി.പി, സിജിത് സി, രാകേഷ് പി.കെ, മനോജ് പി.വി, ഹോംഗാര്‍ഡുമാരായ പ്രദീപന്‍, ബാലന്‍ ടി.പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.