ദേശീയപാത സ്ഥലമെടുപ്പില്‍ വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ തീരുമാനമായില്ല



പയ്യോളി: കോഴിക്കോട് ജില്ലയില്‍ ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതമാകുന്നു. ദേശീയപാത സ്ഥലമെടുപ്പിന്റെ ഭാഗമായി കെട്ടിടങ്ങള്‍ നഷ്ടപെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര വിതരണത്തിന് രേഖകളുടെ പരിശോധന ദ്രുതഗതിയില്‍ നടന്നു വരികയാണ്. വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചു അനിശ്ചിതത്വം തുടരുകയാണ്.


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസെന്‍സ് ഉള്ള വ്യാപാരിക്കും അംഗീകൃത തൊഴിലാളിക്കും നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു . എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനമായില്ല. കെട്ടിട ഉടമക്ക് നഷ്ടപരിഹാരം ലഭിക്കുന്ന മുറക്ക് കച്ചവടക്കാര്‍ ഒഴിയേണ്ടിവരും. നഷ്ടപരിഹാരം ലഭിച്ച ഉടമകളോട് കെട്ടിടം ഏല്പിച്ചു തരാന്‍ ലാന്‍ഡ് അക്വസിഷന്‍ വിഭാഗം ആവശ്യപ്പെട്ടു കഴിഞ്ഞു. കച്ചവടക്കാരുടെ വിവര ശേഖരണം പോലും അധികൃതര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. തിരഞ്ഞെടുപ്പിന് മുന്‍പു നഷ്ടപരിഹാരം ഉറപ്പാക്കി മാത്രമേ ഏറ്റെടുക്കല്‍ നടപടി തുടങ്ങുവെന്നായിരുന്നു മുന്‍പ് പറഞ്ഞത്. ഇത് കാറ്റില്‍ പറത്തിയാണ് അധികൃതര്‍ മുന്നോട്ട് നീങ്ങുന്നത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കച്ചവട സ്ഥാപങ്ങള്‍ നഷ്ടപെടുന്ന വ്യാപാരികള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് കര്‍മ്മ സമിതി സംസഥാന സമിതി അംഗം പ്രദീപ് ചോമ്പാല, ജില്ലാ കണ്‍വീനര്‍ എ.ടി.മഹേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.