തീവണ്ടിവഴി കള്ളക്കടത്ത്; രണ്ടുമാസത്തിനകം പിടിച്ചത് 5.88 കോടിയുടെ വസ്തുക്കൾ


കോഴിക്കോട്: തീവണ്ടിയിൽനിന്ന് രണ്ടുമാസത്തിനുള്ളിൽ പിടികൂടിയത് അഞ്ചുകോടി എൺപത്തെട്ടു ലക്ഷം രൂപയുടെ കള്ളക്കടത്ത് വസ്തുക്കൾ. സ്വർണവും ഹവാലപ്പണവും ലഹരിവസ്തുക്കളുമൊക്കെ തീവണ്ടിമാർഗം കടത്തുകയാണ്. തിങ്കളാഴ്ച രേഖകളില്ലാതെ കടത്തിയ 36 ലക്ഷത്തോളം രൂപയാണ് കോഴിക്കോട് നിന്ന് പിടിച്ചെടുത്തത്.

ഈ വർഷം പാലക്കാട് ഡിവിഷനു കീഴിൽ 5,88,15,426 രൂപയുടെ അനധികൃത വസ്തുക്കളാണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ (ആർ.പി.എഫ്.) പിടിയിലായത്. റെയിൽമാർഗം കള്ളക്കടത്ത് കൂടിയതോടെ മംഗലാപുരം ജങ്‌ഷൻ, പാലക്കാട്, പൊള്ളാച്ചി, പോടന്നൂർ, തിരുവനന്തപുരം, നാഗർകോവിൽ, ചെങ്കോട്ട എന്നിവിടങ്ങളുൾപ്പെടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിരിക്കയാണ്. പ്രത്യേക സ്ക്വാഡുകളെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുമുണ്ട്.

കേരളത്തിൽ നിലവിൽ ഓടുന്ന 75 ദീർഘദൂര തീവണ്ടികളിൽ 51 എണ്ണത്തിലാണ് കുറ്റകൃത്യങ്ങൾ കൂടുതൽ കണ്ടുവരുന്നത്.

സ്വർണം കൂടുതലും എത്തുന്നത് മുംബൈയിൽനിന്നാണ്. ഹവാലപ്പണം തമിഴ്‌നാട്ടിൽനിന്നും കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കൾ ആന്ധ്രയിൽ നിന്നുമാണ് എത്തുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കാസർകോട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് ഹവാലപ്പണം കൂടുതലും എത്തുന്നത്.

സ്വർണം എത്തുന്നത് കൂടുതലും തൃശ്ശൂരിലേക്കാണ്. ലഹരിവസ്തുക്കൾ എല്ലാ ജില്ലയിലേക്കും ഒരേപോലെ എത്തുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്ഫോടകവസ്തുക്കൾ കടത്തുന്നത് കൂടുതലും കർണാടക കേന്ദ്രീകരിച്ചാണ്.

ഈ വർഷം തീവണ്ടിമാർഗം എത്തിയത് കഞ്ചാവ്: 17.560 കിലോഗ്രാം (8,50,000 രൂപ), മദ്യം: 200 ബോട്ടിൽ (1,38,095 രൂപ), പുകയില ഉത്പന്നം: 549.5 കിലോഗ്രാം (8,88,500 രൂപ), സ്വർണം: 9.558 കിലോഗ്രാം (4,48,15,231 രൂപ), വെള്ളി: 77.5 കിലോഗ്രാം (56,25,000 രൂപ), പണം: 64,98,600 രൂപ. പരിശോധന കൂടുതൽ ശക്തമാക്കാനാണ് ആർ.പി.എഫിന്റെ തീരുമാനം.